Kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീയണഞ്ഞു;ഇനി അന്വേഷണം

നഗരത്തിലും പരിസരത്തും വ്യാപിച്ച പുകയ്ക്ക് ശമനമായി അപകടാവസ്ഥ പൂര്‍ണമായും ഇല്ലാതായെങ്കിലും അഗ്നിശമനസേനയും പോലീസും ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി ദിലീപന്റെ നേതൃത്വത്തില്‍ 24 അഗ്നിശമന സേന യൂനിറ്റാണ് ബ്രഹ്മപുരത്തുണ്ടായിരുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ബ്രഹ്മപുരത്ത് തീ പടരാനിടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള.തീപിടുത്തതെ തുടര്‍ന്ന് നഗരത്തില്‍ കഴിഞ്ഞ നാലു ദിവസമായി മാലിന്യനീക്കം നിലച്ചതിനാല്‍ പലയിടത്തും മാലിന്യകൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീയണഞ്ഞു;ഇനി അന്വേഷണം
X
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യ മലയില്‍ കഴിഞ്ഞ നാലു ദിവസമായി കത്തിക്കൊണ്ടിരുന്ന തീ അണച്ച ശേഷം അഗ്നിശമന സേന അംഗങ്ങള്‍ ജില്ലാ കലക്ടറിനൊപ്പം പ്ലാന്റില്‍

കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അഗ്‌നിശമനസേനയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തിയ നാല് ദിനരാത്രങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ മേഖല സാധാരണനിലയിലേക്ക്. ബ്രഹ്മപുരത്തെ തീയും പുകയും നിശ്ശേഷം കെട്ടടങ്ങി. ഇതോടെ നഗരത്തിലും പരിസരത്തും വ്യാപിച്ച പുകയ്ക്ക് ശമനമായി അപകടാവസ്ഥ പൂര്‍ണമായും ഇല്ലാതായെങ്കിലും അഗ്നിശമനസേനയും പോലീസും ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നേരിട്ടാണ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസും ബ്രഹ്മപുരത്തെത്തിയിരുന്നു.റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി ദിലീപന്റെ നേതൃത്വത്തില്‍ 24 അഗ്നിശമന സേന യൂനിറ്റാണ് ബ്രഹ്മപുരത്തുണ്ടായിരുന്നത്. ഉന്നതമര്‍ദ്ദത്തില്‍ വെള്ളം പമ്പു ചെയ്യുന്നതിനുള്ള 10 പമ്പുകളും ഇടതടവില്ലാതെ പ്രവര്‍ത്തിച്ചു. രാത്രിയിലും പ്രവര്‍ത്തനം തടസമില്ലാതെ തുടരുന്നതിന് അഞ്ച് അസ്‌ക ലൈറ്റുകളും വിവിധ പോയിന്റുകളിലായി വിന്യസിച്ചിരുന്നു. മാലിന്യക്കൂന ഇളക്കിമറിച്ച് കനലുകള്‍ നിശ്ശേഷം കെടുത്തുന്നതിനായി 14 ഹിറ്റാച്ചി യന്ത്രങ്ങളും ബ്രഹ്മപുരത്തെത്തിച്ചിരുന്നു. എറണാകുളത്തിന് പുറമെ സമീപ ജില്ലകളില്‍ നിന്നും യൂനിറ്റുകളെത്തി. സ്റ്റേഷന്‍ ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ 70 ജീവനക്കാരാണ് പ്രതിദിനം തീയും പുകയുമായി പടപൊരുതിയത്.

നഗരത്തിലും പരിസരത്തും പുക പടര്‍ന്നതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് മണിക്കൂര്‍ തോറും വായുവിന്റെ നിലവാരം വിലയിരുത്തി.ബ്രഹ്മപുരത്ത് തീ പടരാനിടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. ഇത്തരമൊരു സാഹചര്യം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കാക്കനാട് ഇന്‍ഫോപാര്‍ക്ക് സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. തീ പിടിത്തമുണ്ടായതിന് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു.പ്ലാന്റിന്റെ നിര്‍മാണ രേഖകളും പ്രവര്‍ത്തന വിവരങ്ങളും സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷനോട് ആവശ്യപ്പെടുമെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ചുമതലയുള്ള കെ പി ഫിലിപ് പറഞ്ഞു. പ്ലാന്റില്‍ സിസിടിവി കാമറയില്ലാത്തത് അന്വേഷണത്തിന് തടസ്സമാകില്ല. ഇതുവരെ അട്ടിമറി ശ്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. പ്ലാന്റിനോട് ചേര്‍ന്ന് സിസിടിവി കാമറകളു വിളക്കുകളും സ്ഥാപിക്കാന്‍ കോര്‍പറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തീപിടുത്തതെ തുടര്‍ന്ന് നഗരത്തില്‍ കഴിഞ്ഞ നാലു ദിവസമായി മാലിന്യനീക്കം നിലച്ചതിനാല്‍ പലയിടത്തും മാലിന്യകൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. വീടുകളിലും ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലും മാലിന്യ ശേഖരണത്തിന് ജീവനക്കാര്‍ എത്താത്തിനാല്‍ പലരും റോഡരികിലും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന അവസ്ഥയായി. നഗരത്തിലെ വിവിധ റോഡുകളുടെ അരുകിലടക്കം പലയിടത്തും വലിയ തോതില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. ഇത്തരത്തില്‍ വലിച്ചെഞ്ഞ മാലിന്യങ്ങള്‍ മൃഗങ്ങളും പക്ഷികളുമടക്കം കൊത്തിവലിച്ച് പുറത്തിട്ടിരിക്കുന്നതിനാല്‍ വന്‍ തോതില്‍ ദുര്‍ഗന്ധവും വമിക്കുകയാണ്. നഗരത്തില്‍ നിന്നുള്‍പ്പെടെ 360 ടൗണ്‍ മാലിന്യമാണ് പ്രതിദിനം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലേക്കെത്തുന്നത്. ഇതില്‍ 201 ടണും ജൈവ മാലിന്യമാണ്. മാലിന്യനീക്കം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇതുവരെ കോര്‍പറേഷന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it