Kerala

വളയത്ത് ബോംബ് സ്‌ഫോടനം; മദ്‌റസ വിദ്യാര്‍ഥിനികള്‍ക്കു പരിക്ക്

നാദാപുരം കുയിതേരിയിലെ പുതുക്കുടി താഴെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വസ്തു ബോംബാണെന്നറിയാതെ കാലുകൊണ്ട് തട്ടുകയായിരുന്നുവെന്ന് കുട്ടികള്‍ പോലിസിനോട് പറഞ്ഞു

വളയത്ത് ബോംബ് സ്‌ഫോടനം; മദ്‌റസ വിദ്യാര്‍ഥിനികള്‍ക്കു പരിക്ക്
X

കോഴിക്കോട്: വളയത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തു കാല്‍ കൊണ്ട് തട്ടിയപ്പോള്‍ പൊട്ടിത്തെറിച്ച് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. കുറിച്ചിക്കണ്ടിയില്‍ മുജീബിന്റെ മക്കളായ ഫാത്തിമ(10), നാദിയ(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കാലിനും നാദിയയുടെ നെഞ്ചിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ എട്ടോടെ മദ്‌റസ കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോവുന്നതിനിടെയാണ് സ്‌ഫോടനം. നാദാപുരം കുയിതേരിയിലെ പുതുക്കുടി താഴെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വസ്തു ബോംബാണെന്നറിയാതെ കാലുകൊണ്ട് തട്ടുകയായിരുന്നുവെന്ന് കുട്ടികള്‍ പോലിസിനോട് പറഞ്ഞു. എന്നാല്‍ പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന നിഗമനത്തിലാണ് പോലിസ്.സംഭവത്തെ കുറിച്ച് വളയം പോലിസ് അന്വേഷണം തുടങ്ങി. നാദാപുരം മേഖലയില്‍ മുമ്പും സമാന രീതിയിലുള്ള സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. മേഖലയില്‍ സ്‌ഫോടകവസ്തുക്കള്‍ക്കായി പോലിസും ബോംബ് സ്‌കോഡും പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി നാദാപുരത്തിനു സമീപം തൂണേരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സംഘാടക സമിതി ഓഫിസും തീയിട്ടു നശിപ്പിക്കുകയും പിന്നാലെ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ ബോംബേറുമുണ്ടായിരുന്നു. ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഉച്ചവരെ തൂണേരിയില്‍ ലീഗ് ഹര്‍ത്താല്‍ ആചരിച്ചു. വിചാരണ സദസ്സ് മാറ്റിവയ്ക്കുകയും ചെയ്തു. സിപിഎം-മുസ്‌ലിം ലീഗ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പോലിസ് ജാഗ്രതയിലാണ്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.







Next Story

RELATED STORIES

Share it