Kerala

കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെ 5-1ന് തകര്‍ത്തു

കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയും റാഫേല്‍ മെസി ബൗളിയും ഒരുമിച്ചെത്തി. മധ്യനിരയില്‍ സെയ്ത്യാന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി, മുഹമ്മദ് നിങ്, ജീക്‌സണ്‍ സിങ് എന്നിവര്‍ അണിനിരന്നു.

കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെ 5-1ന് തകര്‍ത്തു
X

കൊച്ചി: അഞ്ചടിച്ച് ആരാധകര്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുവര്‍ഷ സമ്മാനം. കൊച്ചിയില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് മഞ്ഞപ്പട തകര്‍ത്തു. ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്ബച്ചെ ഇരട്ടഗോളടിച്ചു. റാഫേല്‍ മെസി ബൗളി, പ്രതിരോധക്കാരന്‍ വ്‌ലാട്‌കോ ഡ്രോബറോവ്, സെയ്ത്യാസെന്‍ സിങ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി. ഹൈദരബാദിനായി ബോബോയാണ് ആശ്വാസഗോളടിച്ചത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് 11 കളിയില്‍ 11 പോയിന്റായി. ഏഴാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയും റാഫേല്‍ മെസി ബൗളിയും ഒരുമിച്ചെത്തി. മധ്യനിരയില്‍ സെയ്ത്യാന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി, മുഹമ്മദ് നിങ്, ജീക്‌സണ്‍ സിങ് എന്നിവര്‍ അണിനിരന്നു.


മുഹമ്മദ് റാകിപ്, വ്‌ളാട്‌കോ ഡ്രോബറോവ്, ജെസെല്‍ കര്‍ണെയ്‌റോ, ജിയാനി സുയ് വെര്‍ലൂണ്‍ എന്നിവരായിരുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ ടി പി രെഹ്‌നേഷ്. മൂന്ന് മുന്നേറ്റക്കാരായിരുന്നു ഹൈദരാബാദിന്, മാഴ്‌സെലീന്യോ, ബോബോ, അഭിഷേക് ഹാള്‍ഡെര്‍. മധ്യനിരയില്‍ ആദില്‍ ഖാന്‍, നിഖില്‍ പൂജാരി, മാര്‍കോ സ്റ്റാന്‍കോവിച്ച് എന്നിവര്‍. റാഫേല്‍ ഗോമെസ് ലോപ്പസ്, സാഹില്‍ പന്‍വാര്‍, മാത്യു കില്‍ഗല്ലോണ്‍, ആശിഷ് റായ് എന്നിവര്‍. ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി.

മെസി ബൗളിയും ഒഗ്‌ബെച്ചെയും തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ഗോള്‍ മേഖലയിലെത്തി. ഒഗ്‌ബെച്ചെയുടെ കനത്ത അടി പുറത്തേക്ക് പോയി. 10ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് കോര്‍ണര്‍ കിട്ടിയെങ്കിലും ഹൈദരാബാദ് പ്രതിരോധം തട്ടിയകറ്റി. 14ലാം മിനിറ്റില്‍ ഹൈദരാബാദ് മുന്നിലെത്തി. മാഴ്‌സെലീന്യോയുടെ നീക്കത്തില്‍ ബോബോ ഗോളടിച്ചു. തിരിച്ചടിക്കുള്ള ശ്രമങ്ങളായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് നടത്തിയത്. സെയ്ത്യാസന്റെ ലോങ് ക്രോസ് ഹൈദരാബാദ് ഗോള്‍മുഖത്ത് പറന്നെത്തി. ഒഗ്‌ബെച്ചെ തലവച്ചെങ്കിലും പന്ത് പുറത്തുപോയി. 22ാം മിനിറ്റില്‍ വലതുമൂലയില്‍നിന്ന് സെയ്ത്യാസെന്‍ പായിച്ച മികച്ച ക്രോസ് ഹൈദരാബാദ് ബോക്‌സിലേക്ക് കൃത്യമായി എത്തി. എന്നാല്‍, മുന്നിലേക്ക് പാഞ്ഞടുത്ത ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണി അത് വിദഗ്ദമായി കൈയിലൊതുക്കി. 29ാം മിനിട്ടില്‍ ഹൈദരാബാദിന് തിരിച്ചടി കിട്ടി. അവരുടെ ഡിഫന്‍ഡര്‍ റാഫേല്‍ ലോപെസ് പരിക്കേറ്റ് മടങ്ങി. പകരം ജൈല്‍സ് ബാര്‍ണെസ് എത്തി.


33ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം പിറന്നു. ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയുടെ ഒന്നാന്തരം നീക്കം കൊച്ചി സ്റ്റേഡിയത്തിലെ കാണികള്‍ക്ക് വിരുന്നൊരുക്കി. സുയ് വര്‍ലൂണ്‍ ആയിരുന്നു ഒരുക്കിയത്. ഹൈദരാബാദ് പ്രതിരോധത്തെ പിളര്‍ത്തി സുയ് വര്‍ലൂണിന്റെ ത്രൂബോള്‍. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണി പന്ത് അടിച്ചൊഴിവാക്കാന്‍ മുന്നിലേക്ക് ഓടി. ഒഗ്‌ബെച്ചെ കട്ടിമണിയെ വെട്ടിച്ച് ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് ഷോട്ട് പായിച്ചു. ആറ് മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കുതിച്ചു. വലതുഭാഗത്ത്‌നിന്ന് ആദ്യം കര്‍ണെയ്‌റോയുടെ നീക്കം. ജീക്‌സണിലേക്ക്. നിങ്ങിലേക്ക് ജീക്‌സണ്‍ പാസ് നല്‍കി. നിങ് സെയ്ത്യാസെനിലേക്ക്. ഒന്നാന്തരം ക്രോസ് ഈ മധ്യനിരക്കാരന്‍ ബോക്‌സിലേക്ക് പായിച്ചു. ഡ്രോബറോവിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി വലയില്‍. മൂന്നാമത്തെ ഗോളിനും അധികം കാത്തിരിക്കേണ്ടിവന്നില്ല. ഹാളീചരണ്‍ നര്‍സാറിയുമായുള്ള നീക്കത്തിനൊടുവില്‍ മെസി ബൗളി വല കുലുക്കി. ആദ്യപകുതി ആഘോഷത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അവസാനിപ്പിച്ചു.

രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് നിറഞ്ഞാടുകയായിരുന്നു. ആരാധകര്‍ ആഘോഷത്തിലായി. ബ്രേക്കിന് ശേഷമുള്ള 10ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് നാലാംഗോളും പായിച്ചു. കര്‍ണെയ്‌റോ ഒരുക്കിയ അവസരത്തില്‍ സെയ്ത്യാസെന്‍ തകര്‍പ്പന്‍ അടി തൊടുത്തപ്പോള്‍ സ്‌റ്റേഡിയം ഇളകിമറഞ്ഞു. മെസി ബൗളിയും ഒഗ്‌ബെച്ചെയും ഹൈദരാബാദ് പ്രതിരോധത്തിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. പലപ്പോഴും നിര്‍ഭാഗ്യമാണ് ഇരുവരെയും തടഞ്ഞത്. 75ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ വീണ്ടും കൊടുങ്കാറ്റായി. ഗോള്‍ കീപ്പര്‍ ടി പി രെഹ്‌നേഷിന്റെ ലോങ് ബോള്‍ ഏറ്റുവാങ്ങി മുന്നേറിയ മെസി ബൗളി ഹൈദരാബാദ് മധ്യനിരക്കാരന്‍ ആദില്‍ ഖാനെ എളുപ്പത്തില്‍ കീഴടക്കി ബോക്‌സില്‍ കടന്നു.

ഒഗ്‌ബെച്ചെയ്ക്ക് പന്ത് നല്‍കി. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ജയം പൂര്‍ത്തിയാക്കി. ആ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 100ാം ഗോളുമായി. 82ാം മിനിറ്റില്‍ മെസി ബൗളിക്ക് പകരം സഹല്‍ അബ്ദുള്‍ സമദ് എത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ ആരവമുയര്‍ന്നു. മനോഹര നീക്കങ്ങള്‍കൊണ്ട് സഹല്‍ ആരാധകരുടെ മനം കവര്‍ന്നു. അവസാനനിമിഷങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളിന് അടുത്തെത്തി. ഹൈദരാബാദ് കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കുകയായിരുന്നു. ജനുവരി 12ന് കൊല്‍ക്കത്തയില്‍ എടികെയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.

Next Story

RELATED STORIES

Share it