Kerala

നിലയ്ക്കല്‍ മാര്‍ച്ച് ഉപേക്ഷിച്ചു; ശബരിമല സമരത്തില്‍ നിന്ന് ബിജെപി പിന്‍മാറുന്നു

പോലിസിന്റെ ശക്തമായ ഇടപെടലും ഹൈക്കോടതിയുടെ പരാമര്‍ശങ്ങളും പാര്‍ട്ടിയിലെ ആശയക്കുഴപ്പവുമാണ് പൊടുന്നനെ പിന്‍മാറാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കിയതെന്നാണു സൂചന.

നിലയ്ക്കല്‍ മാര്‍ച്ച് ഉപേക്ഷിച്ചു; ശബരിമല സമരത്തില്‍ നിന്ന് ബിജെപി പിന്‍മാറുന്നു
X

പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശത്തിനു അനുമതി നല്‍കിയ സുപ്രിംകോടതി വിധിക്കെതിരായ സമരത്തില്‍ നിന്ന് ബിജെപി പിന്‍മാറുന്നു. പോലിസിന്റെ ശക്തമായ ഇടപെടലും ഹൈക്കോടതിയുടെ പരാമര്‍ശങ്ങളും പാര്‍ട്ടിയിലെ ആശയക്കുഴപ്പവുമാണ് പൊടുന്നനെ പിന്‍മാറാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കിയതെന്നാണു സൂചന. ഇതിന്റെ ഭാഗമായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റി നിലയ്ക്കല്‍ പോലിസ് സ്‌റ്റേഷനിലേക്ക് ഇന്നു നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു.

പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവാണു കാരണമെന്നും ഭക്തരെ വിഷമിപ്പിക്കാനില്ലെന്നുമാണ് ബിജെപിയുടെ വാദമെങ്കിലും സമരം തുടരുന്നതു സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ ആശയക്കുഴപ്പമാണ് പിന്നിലെന്നാണു സൂചനകള്‍. മാത്രമല്ല, ആദ്യഘട്ടത്തില്‍ നിന്നു വ്യത്യസ്തമായി ബിജെപി നേതൃത്വം നല്‍കുന്ന സമരത്തോട് അയ്യപ്പ ഭക്തര്‍ സഹകരിക്കുന്നില്ലെന്ന ബോധ്യവും പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇനി ആചാരലംഘനം ഉണ്ടായാല്‍ മാത്രമേ സമരത്തിനിറങ്ങേണ്ടതുള്ളൂവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ആദ്യഘട്ടത്തില്‍ ഭക്തരില്‍നിന്ന ബിജെപിക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നുവെങ്കിലും സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ 'ഗോള്‍ഡന്‍ ഓപര്‍ച്യുണിറ്റി' പ്രസംഗവും പരിശീലനം നേടിയവരെ എത്തിക്കാനുള്ള സര്‍ക്കുലറും പുറത്തായത് വന്‍ തിരിച്ചടിയായെന്നാണു വിലയിരുത്തല്‍. മാത്രമല്ല, സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായ ശേഷം പല നേതാക്കളും മുതിര്‍ന്ന പ്രവര്‍ത്തകരും സമരത്തില്‍നിന്നു പിന്‍വാങ്ങുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

വിഎച്ച്പി നേതാവ് കെ പി ശശികല അറസ്റ്റിലായപ്പോള്‍ ഉണ്ടായ പ്രതിഷേധം പോലും സുരേന്ദ്രന്‍ അറസ്റ്റിലായപ്പോള്‍ ഉണ്ടായില്ലെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇതിനു കാരണമെന്നും അണികള്‍ക്കിടയില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. സുരേന്ദ്രന്‍ സമരത്തിന്റെ മുഖ്യ ആകര്‍ഷണമാവുമെന്നു ഭയന്ന മറ്റു ചില നേതാക്കള്‍ അദ്ദേഹത്തിന്റെ ശബരിമല സന്ദര്‍ശനം പോലും വിവാദമാക്കാന്‍ എതിരാളികള്‍ക്ക് സഹായം ചെയ്യുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.

സുരേന്ദ്രന്‍ സഞ്ചരിച്ച വഴിയില്‍ നോണ്‍ വെജ് ഹോട്ടലില്‍ കയറിയെന്ന വിവരം പുറത്തായത് പാര്‍ട്ടിയിലെ വിഭാഗീയതയാണെന്നും വിലയിരുത്തലുണ്ട്. സുരേന്ദ്രനെതിരേ കൂടുതല്‍ കേസുകളെടുക്കുകയും ഒരു ജയിലില്‍ നിന്ന് മറ്റു ജയിലുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തതോടെ പല പ്രമുഖ നേതാക്കളും സമരത്തില്‍ നിന്ന് ഉള്‍വലിയുന്നുവെന്നത് പാര്‍ട്ടിയെ ബാധിക്കുമെന്ന വിലയിരുത്തലും ശബരിമല പ്രക്ഷോഭത്തില്‍നിന്ന് പിന്‍വാങ്ങാന്‍ ബിജെപിയെ പ്രേരിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it