Kerala

കോഴിക്കോട് കാരമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍ പഞ്ചായത്തിന് തൊട്ടടുത്തുള്ള പഞ്ചായത്താണ് കാരശ്ശേരി. 25 ഓളം വവ്വാലുകളെയാണ് ചത്ത നിലയില്‍ കണ്ടത്.

കോഴിക്കോട് കാരമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍
X

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് ഇവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍ പഞ്ചായത്തിന് തൊട്ടടുത്തുള്ള പഞ്ചായത്താണ് കാരശ്ശേരി. 25 ഓളം വവ്വാലുകളെയാണ് ചത്ത നിലയില്‍ കണ്ടത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ഇവയെ മൂന്നടിയോളമുള്ള കുഴിയെടുത്ത് മൂടി. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് വവ്വാലുകള്‍ ചത്തുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

കാരമൂല വല്ലത്തായിപ്പാറ റോഡിന് സമീപത്താണ് ഇവ ചത്തുകിടന്നത്. ഇന്നലെ രാത്രി വവ്വാലുകള്‍ അസാധാരണമായി ശബ്ദമുണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു. ഇവയുടെ സ്രവങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ രൂപീകരിച്ച പ്രത്യേകസംഘവും സ്ഥലത്തെത്തും. കഴിഞ്ഞദിവസം പഞ്ചായത്തിലെ മാലാംകുന്ന് ഭാഗത്ത് കാക്കകളെയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകളെയും കണ്ടെത്തിയത്.

അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുവിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. പലരും കോഴികള്‍ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. വിലകൂടിയ അലങ്കാര പക്ഷികളെ വീട്ടില്‍നിന്ന് മാറ്റിയവരുമുണ്ട്. വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കോഴിയിറച്ചി വില്‍പ്പന നിരോധിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it