Kerala

ക്രിസ്ത്യന്‍, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം; നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബെന്നി ബഹനാന്‍ എം പിയുടെ കത്ത്

രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നത് വളരെ ഏറെ ആശങ്ക ഉളവാക്കുന്നതായി കത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ  അക്രമം; നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബെന്നി ബഹനാന്‍ എം പിയുടെ കത്ത്
X

കൊച്ചി: രാജ്യത്ത് ക്രിസ്ത്യന്‍, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നുവരുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്ബെന്നി ബഹനാന്‍ എം പി പ്രധാനമന്ത്രിക്ക് കത്തെഴുതി. രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നത് വളരെ ഏറെ ആശങ്ക ഉളവാക്കുന്നതായി കത്തില്‍ പറയുന്നു.ഇക്കഴിഞ്ഞ ഡിസംബര്‍ 17 ന് 'ധര്‍മ്മ സന്‍സദ്' അല്ലെങ്കില്‍ 'മത പാര്‍ലമെന്റ്' എന്ന പേരില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വെച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന് പരസ്യമായ ആഹ്വാനമുയര്‍ത്തുകയുണ്ടായി.

ഇതിന് ചുക്കാന്‍ പിടിച്ചത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോര്‍ച്ച നേതാവ് ഉദിത ത്യാഗിയുമാണ്. ഇത്തരത്തില്‍ ഹിന്ദു വലതുപക്ഷ സംഘടനകള്‍ തീവ്ര മുസ് ലിം വിരുദ്ധത പ്രകടിപ്പിച്ച് അടുത്തിടെ സംഘടിപ്പിച്ച രണ്ട് പരിപാടികള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന എഴുപത്തിയാറ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ച സ്ഥിതി വരെയുണ്ടായാതായി ബെന്നി ബഹനാന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ സന്താ ക്ലോസ് വേഷധാരിയെ രാഷ്ട്രീയ ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത് സന്താ ക്ലോസ് മൂര്‍ദ്ധാബാദ് എന്നുള്ള മുദ്രാവാക്യം മുഴക്കി. വാരണാസിയിലെ ചന്ദ്മാരി ജില്ലയില്‍ ക്രിസ്തുമസ് പരിപാടി നടക്കാന്‍ പോകുന്നിടത്ത് ഒരു കൂട്ടം ആളുകള്‍ കാവിക്കൊടിയുമായ് എത്തി ജയ്ശ്രീരാം വിളികളോടെ തമ്പടിച്ചു. ഹരിയാനയിലെ അംബാലയി്‌ലെ കന്റോന്‍മെന്റ് ഏരിയയിലെ റെഡീമര്‍ പള്ളിയില്‍ നടന്ന അക്രമത്തില്‍, അക്രമികള്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു.

അസമിലെ സില്‍ചാറിലും,കര്‍ണാടകയിലെ മാണ്ഡ്യയിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇതിനെല്ലാം കഴിഞ്ഞ രണ്ടാഴ്ച നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചു. ഇതിനെതിരെ മുഖം തിരിക്കുക മാത്രമല്ല, പരക്ഷമായി ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന സമീപനമാണ് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നതെന്ന് ബെന്നി ബഹനാന്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുളള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ്, വീണ്ടും വീണ്ടും ആക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നത്. രാജ്യത്തെ ക്രിസ്ത്യന്‍, മുസ് ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് അടിയന്തര കര്‍ശന നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും,സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കാന്‍ വഴിയൊരുക്കണമെന്നും ബെന്നി ബഹനാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it