Kerala

എതിര്‍ക്കുന്നവരെയെല്ലാം തീവ്രവാദികളാക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാര നിലവാരത്തിലേക്ക് തരംതാണു: ബെന്നി ബെഹനാന്‍ എം പി

പിണറായി വിജയന്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു.സമരം ചെയ്യുന്നവന്റെ മതം നോക്കി അവനെ തീവ്രവാദിയാക്കുന്നത് തുടങ്ങിവച്ചത് യുപിയിലെ യോഗി ആദിത്യനാഥ് ആണ്. ഇപ്പോള്‍ അത് നടപ്പാക്കുന്നത് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്

എതിര്‍ക്കുന്നവരെയെല്ലാം തീവ്രവാദികളാക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാര നിലവാരത്തിലേക്ക് തരംതാണു: ബെന്നി ബെഹനാന്‍ എം പി
X

കൊച്ചി: മുസ് ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘപരിവാര്‍ നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പോലിസും തരംതാണിരിക്കുന്നുവെന്ന് ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആത്മഹത്യ ചെയ്ത് മൊഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടിക്ക് നീതി തേടി ആലുവയില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി മുദ്രകുത്താനുള്ള കേരള പോലിസിന്റെ ശ്രമം അത്യന്തം ഹീനമാണ്. കേരള പോലിസിലെ മനോ വൈകൃതമുള്ള ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

സമരം ചെയ്യുന്നവന്റെ മതം നോക്കി അവനെ തീവ്രവാദിയാക്കുന്നത് തുടങ്ങിവച്ചത് യുപിയിലെ യോഗി ആദിത്യനാഥ് ആണ്. ഇപ്പോള്‍ അത് നടപ്പാക്കുന്നത് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.പിണറായി വിജയന്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ത്തിയാണ് ആലുവയില്‍ തങ്ങള്‍ സമരം ചെയ്തത്. അതില്‍ പങ്കെടുത്ത മുസ് ലിം പേരുള്ള പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് തീവ്രവാദികളാക്കാനുള്ള നീക്കം അനുവദിക്കില്ല.

പോലിസ് തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ഈ നീക്കം അപകടകരമാണെന്നും ബെന്നി ബഹനാന്‍ എംപി വ്യക്തമാക്കി.പിണറായി വിജയന്‍ നരേന്ദ്രമോദിയെയും അമിത്ഷായെയും കവച്ച് വെയ്ക്കാന്‍ ശ്രമിക്കുകയാണ്. പിണറായി വിജയനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കാനുള്ള നീക്കം അനുവദിക്കില്ല. വേണ്ടി വന്നാല്‍ ഇനിയും സമരം ചെയ്യും. പോലിസിന്റെ മര്‍ദനവും ഭീഷണിയും മറികടന്ന് തന്നെയാണ് ഇത്രയും നാള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്. ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് മുഖ്യമന്ത്രിയും പോലീസും കരുതേണ്ടതില്ലെന്നും ബെന്നി ബഹനാന്‍ എംപി വ്യക്തമാക്കി.

പന്തീരാങ്കാവില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായിരുന്ന അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യു എ പി എ ചുമത്തി ജയിലില്‍ അടച്ചത് കേരളം മറന്നിട്ടില്ല. സി പി എം കോഴിക്കോട് ഘടകവും സി പി ഐയും ഇതിനെതിരെ രംഗത്ത് വന്നിട്ടും പിണറായി വിജയന്‍ നിലപാട് മാറ്റിയില്ല. ഇത്തരം ഒരു സാഹചര്യം ഇനിയും ഉണ്ടാകാന്‍ അനുവദിക്കില്ല. ഈ നീക്കത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കും.ആലുവയില്‍ സമരം ചെയ്തവരെ തീവ്രവാദികളായി മുദ്ര കുത്തി റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം. ജനങ്ങളെ അണിനിരത്തിയും നിയമത്തിന്റെ വഴിയിലൂടെയും ഇതിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it