Kerala

ബീമാപള്ളി പോലിസ് വെടിവയ്പ്പ്: ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടണം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ബീമാപള്ളി പോലിസ് വെടിവയ്പ്പ്: ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടണം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

കോഴിക്കോട്: 2009 മെയ് 17ന് തിരുവനന്തപുരം ബീമാപള്ളിയിലുണ്ടായ പോലിസ് വെടിവയ്പ്പിനെ തുടര്‍ന്ന് നിശ്ചയിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ബീമാപള്ളി പോലിസ് വെടിവയ്പ്പിന്റെ 12ാം വാര്‍ഷിക ദിനത്തില്‍ 'ബീമാപള്ളി വെടിവയ്പ്പ്: വംശീയ കേരളത്തിന്റെ ഭരണകൂട ഭീകരതയ്ക്ക് 12 വയസ്' എന്ന തലക്കെട്ടില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ചര്‍ച്ചാസംഗമത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചാസംഗമത്തില്‍ ഉയര്‍ന്നുവന്നു.

കേരളം കണ്ട ഏറ്റവും വലിയ മുസ്‌ലിം വിരുദ്ധവും വംശീയവുമായ പോലിസ് ഭീകരത മറവിയിലേക്ക് തള്ളപ്പെടുന്നതിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധത പൊതുബോധമായി രൂപപ്പെട്ടിരിക്കുന്നുവെന്നുതന്നെയാണ് മനസ്സിലാക്കേണ്ടതെന്ന് ആക്ടിവിസ്റ്റും മ്യുസിഷ്യനുമായ എ എസ് അജിത് കുമാര്‍ ചര്‍ച്ചാസംഗമത്തില്‍ അഭിപ്രായപ്പെട്ടു. വെടിവയ്പ്പ് നടന്ന ശേഷം ആദ്യഘട്ടത്തില്‍ പോലിസ് നടപടിക്കെതിരേ നിലപാട് എടുത്തിരുന്ന മാധ്യമങ്ങള്‍ പിന്നീട് പോലിസിന്റെയും അന്നത്തെ ഇടതുപക്ഷ ഭരണകൂടത്തിന്റെയും ഭാഷ്യം അപ്പാടെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മീഡിയാ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍ പി ജിഷാര്‍ പറഞ്ഞു.

അന്നത്തെ ഇടതുപക്ഷ സര്‍ക്കാറും തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാറും ബീമാപള്ളി നിവാസികളോട് തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്ന് ബീമാപള്ളി മുസ്‌ലിം മഹല്ല് ജമാഅത്ത് പ്രതിനിധി അബ്ദുല്‍ അസീസ് ചര്‍ച്ചയില്‍ ആരോപിച്ചു. പലതരം വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും പാലിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചില്ലെന്നും വെടിവയ്പ്പില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും ഇരുമുന്നണികളുടെയും സര്‍ക്കാരുകള്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചാ സംഗമത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫസ്‌ന മിയാന്‍ സ്വാഗതം പറഞ്ഞു.

Next Story

RELATED STORIES

Share it