Kerala

വായ്പ എടുത്തവരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകൾ

ചുരുക്കം ചില ബാങ്കുകള്‍ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ എടുത്തവരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകൾ
X

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം വ്യവസ്ഥകള്‍ ലംഘിച്ച് പൊതുമേഖലാ ബാങ്കുകള്‍. വായ്പക്കാരെ നിരന്തരം വിളിച്ച് തിരിച്ചടവ് എത്രയും വേഗം നല്‍കണമെന്നാണ് ചില ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. മൂന്ന് മാസത്തേക്ക് റിസര്‍വ് ബാങ്ക് എല്ലാ വായ്പകളിലും മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടിയാല്‍ മൂന്ന് മാസം കഴിയുമ്പോള്‍ അമിത പലിശ നല്‍കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.

നേരത്തെ തന്നെ കൊവിഡുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയാലും പലിശ അടയ്ക്കണമെന്ന് വ്യക്തമാക്കി ഇടപാടുകാര്‍ക്ക് ബാങ്കുകള്‍ സന്ദേശം അയച്ചു തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോണില്‍ വിളിച്ച് വായ്പക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വായ്പ അടയ്ക്കാതിരിക്കുന്ന കാലയളവിലും യഥാര്‍ഥ വായ്പ തുകയിന്‍മേല്‍ അതത് മാസം ഏര്‍പ്പെടുത്തിയിരിക്കുന്ന പലിശത്തുക മൂന്നുമാസം കഴിയുമ്പോള്‍ ഒന്നിച്ചടയ്ക്കണമെന്നാണ് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്നത്. വായ്പാ കാലാവധി മൂന്നു മാസം കൂടി നീട്ടി കിട്ടുകയും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇടപാടു നടത്തേണ്ടെന്നതുമാണ് മൊറട്ടോറിയത്തിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന ആശ്വാസമെന്നാണ് ഇത്തരം ബാങ്കുകളുടെ വിശദീകരണം.

പലിശ മൂന്നു മാസം അടക്കുന്നില്ലെങ്കിലും പിഴപലിശ ഈടാക്കില്ല. അതായത്, മൂന്നുമാസം കഴിഞ്ഞ് തവണയടയ്ക്കാന്‍ ചെല്ലുമ്പോള്‍ മൊറട്ടോറിയം കാലയളവില്‍ തുക അടച്ചിരുന്നില്ലെങ്കിലും അക്കാലയളവിലുള്ള പലിശ വാങ്ങാനാണ് ബാങ്കുകളുടെ നീക്കം. അതേസമയം, വായ്പ കാലാവധി മൂന്നുമാസം കൂടി ദീര്‍ഘിപ്പിക്കുമ്പോള്‍ ആ കാലയളവിലും പലിശ അടയ്ക്കേണ്ടിവരുമെന്നാണ് സൂചന. എന്നാല്‍ പല ബാങ്കുകളും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് കൈക്കൊള്ളുന്നതെന്നും അറിയുന്നു. ചുരുക്കം ചില ബാങ്കുകള്‍ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡിനു മുമ്പ് തന്നെ സാമ്പത്തിക മാന്ദ്യം നേരിട്ടിരുന്ന വ്യവസായമേഖലയ്ക്ക് മൊറട്ടോറിയം വലിയൊരാശ്വസമായിരുന്നു. ഇപ്പോഴാകട്ടെ കൊവിഡ് കാരണം എല്ലാ മേഖലകളും സ്തംഭനത്തിലുമാണ്. അപ്പോഴാണ് ബാങ്കുകള്‍ ഭീഷണി മുഴക്കുന്നതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. മൂന്നു മാസത്തേക്കാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. വന്‍വ്യവസായങ്ങള്‍ പോലും നടത്താനാകുന്നില്ല. കോടിക്കണക്കിന് രൂപ വായ്പയെടുത്ത് വ്യവസായം നടത്തുന്നവരുണ്ട്. ദുരന്തമുഖത്ത് നില്‍ക്കുന്ന വായ്പക്കാരനെ ഭീഷണിപ്പെടുത്തിയാല്‍ ഒരുപക്ഷേ ഈ തുകകള്‍ കിട്ടാക്കടമായി മാറും. ഒരാള്‍ക്കും തിരിച്ചടയ്ക്കാനുള്ള മാര്‍ഗ്ഗമില്ല. മഹാമാരി വീണ്ടും നമ്മളെ വേട്ടയാടുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിച്ചെന്നിരിക്കും. സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ അത് ലഭ്യമാക്കാന്‍ ബാങ്ക് അധികൃതര്‍ ബാധ്യസ്ഥരാണ്.

Next Story

RELATED STORIES

Share it