Kerala

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി വൈദികന് മോചനം

ഫാ. ബിനോയിക്കെതിരേ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആദിവാസി ഭൂമികൈയേറ്റം, മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും വൈദികന്‍ നിരപരാധിയാണെന്നുമുള്ള അഭിഭാഷകരുടെ വാദം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് രാജേഷ് സിന്‍ഹ അംഗീകരിച്ചു

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി വൈദികന് മോചനം
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ആദിവാസികളെ മത പരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന് മോചനം. തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി വടക്കേടത്തുപറമ്പിലിന് ഇന്നലെ ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലുള്ള ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിരുപാധിക ജാമ്യം അനുവദിച്ചത്. വൈദികനോടൊപ്പം അറസ്റ്റിലായ മുന്ന എന്നയാള്‍ക്കും ജാമ്യം നല്‍കി. ഇവര്‍ക്കു പുറമെ ഫാ. അരുണ്‍ വിന്‍സെന്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് വിട്ടയച്ചിരുന്നു.

ഫാ. ബിനോയിക്കെതിരേ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആദിവാസി ഭൂമികൈയേറ്റം, മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും വൈദികന്‍ നിരപരാധിയാണെന്നുമുള്ള അഭിഭാഷകരുടെ വാദം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് രാജേഷ് സിന്‍ഹ അംഗീകരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് പൂര്‍ണമായും ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെ നിരുപാധിക ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണു കള്ളക്കേസില്‍ കുടുക്കി രാജ്ധയിലെ കത്തോലിക്കാ മിഷന്‍ കേന്ദ്രത്തില്‍നിന്നു ഫാ. ബിനോയിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

ജാമ്യാപേക്ഷ സിജഎം കോടതിയില്‍ പരിഗണനയ്ക്കു വരുന്നതു കണക്കിലെടുത്ത് ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന ഹൃദ്രോഗി കൂടിയായ ഫാ. ബിനോയിയെ ഞായറാഴ്ച രാത്രി ഗോഡ്ഡ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രണ്ടു വര്‍ഷമായി പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിപ്പോരുന്ന ഫാ. ബിനോയിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു പറഞ്ഞ് മജിസ്‌ട്രേറ്റിനു മുന്നില്‍ പോലീസ് ആദ്യം ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമായിരുന്നു. ഇക്കാര്യം അഭിഭാഷകര്‍ കോടതിയെ ബോധ്യപ്പെടുത്തി.

വൈദികനായ ശേഷം മിഷന്‍ പ്രദേശത്തു ശുശ്രൂഷ ചെയ്യുന്ന താന്‍ ഇന്നേവരെ ഒരാളെപ്പോലും മാമ്മോദീസ മുക്കിയിട്ടില്ലെന്നു പറഞ്ഞ ഫാ. ബിനോയി, ഇടവകയുടെ ചുമതല ഇല്ലാതിരുന്നതിനാലാകാം അതിനു കഴിയാതെപോയതെന്നും കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it