Kerala

ബാബരി വിധി: നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കി: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

പള്ളി തനിയെ പൊളിഞ്ഞു വീണതാണെന്ന് പറയുകയായിരുന്നു ഇതിലും ഭേദം.

ബാബരി വിധി: നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കി: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍
X

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായവരെ വെറുതെ വിട്ടുകൊണ്ട് ലഖ്‌നോ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിച്ച വിധിയും അനുബന്ധ ന്യായീകരണങ്ങളും നീതി സംരക്ഷിക്കേണ്ടവര്‍ തന്നെ നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്നതിനു തുല്യമായെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പിഎന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടികെ അഷ്‌റഫ് എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്രയും കാലം വിധി നീട്ടിക്കൊണ്ടുപോയത് തന്നെ നീതി നിഷേധമാണ്. ഈ വിധിക്കെതിരെ മേല്‍കോടതികളില്‍ നിന്ന് നീതി ഉറപ്പുവരുത്തിക്കൊണ്ട് നീതിന്യായ സംവിധാനത്തില്‍ പൗരന്മാര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടാതെ സൂക്ഷിക്കണ്ടതുണ്ട്.

നേരത്തെ വന്ന സുപ്രിംകോടതി വിധിയും ബാബരി കേസിന്റെ നാള്‍വഴികളും അറിയുന്നവര്‍ക്ക് പ്രതികളെ വെറുതെവിട്ടു എന്നതില്‍ അത്ഭുതമുണ്ടാവില്ലെന്നും പ്രതികളെ കുറ്റവിമുക്തരാക്കാന്‍ കോടതി നടത്തിയ ന്യായീകരണങ്ങള്‍ ഏറെ വിചിത്രമാണ്. പള്ളി തനിയെ പൊളിഞ്ഞു വീണതാണെന്ന് പറയുകയായിരുന്നു ഇതിലും ഭേദമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പള്ളി തകര്‍ത്തതിലൂടെ ഉഴുതുമറിച്ച ഭൂമികയില്‍ വര്‍ഗീയ രാഷ്ട്രീയത്തിന് വിത്തിറക്കി അതിന്റെ വിളവെടുപ്പ് കാലത്ത് ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുക എന്ന് അറിയാത്തവരല്ല ഇന്ത്യന്‍ സമൂഹം.

രാജ്യത്ത് മതേതര ബോധമുള്ള മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണെന്നും, ബാബരി മസ്ജിദ് വിഷയത്തില്‍ ഇതുവരെയുള്ള വിധികളും വിശദീകരണങ്ങളും പരിശോധിച്ചാല്‍ ഒരു പള്ളിയല്ല തകര്‍ന്നത് മറിച്ച് രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നത് ഇന്നത്തെ വിധിയോടെ കൂടുതല്‍ വ്യക്തമാണ് വിസ്ഡം നേതാക്കള്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ സംവിധാനങ്ങള്‍, വൈദ്യുതി, വിമാനത്താവളങ്ങള്‍, കാര്‍ഷിക വിദ്യാഭ്യാസ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയെല്ലാം സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ വരാനിരിക്കുന്ന നാളുകളില്‍ കോര്‍പ്പറേറ്റും രാജ്യത്തെ പൗരന്മാരും തമ്മിലുള്ള പോരാട്ടത്തിന്റെ ദിനങ്ങളായിരിക്കും കാണേണ്ടി വരികയെന്നും, ഹിന്ദുത്വ വികാരം ഉയര്‍ത്തി രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നതിനെ മറച്ചു പിടിക്കാന്‍ ഇനി അധിക കാലം സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

പൗരത്വ ബില്ല് അംഗീകരിച്ചവര്‍ തന്നെ കാര്‍ഷിക ബില്ലിനെ എതിര്‍ത്തതും, ഭരണമുന്നണിയില്‍ നിന്ന് ഇതിന്റെ പേരില്‍ രാജികളും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്. മതേതര പാര്‍ട്ടികളുടെ പ്രതിഷേധം പ്രസ്താവനകളില്‍ മാത്രം പരിമിതപ്പെടുത്താതെ മതേതര ഇന്ത്യയുടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള അജണ്ടകള്‍ക്ക് രൂപം നല്‍കാന്‍ ഇനിയും വൈകിയാല്‍ ഇതിലും വലിയ വില നല്‍കേണ്ടിവരും.

ബാബരി മസ്ജിദിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ അജണ്ടകളെ ആളിക്കത്തിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഉദ്ദേശിക്കുന്നില്ലെന്നും, അധികാര ദണ്ഡുപയോഗിച്ച് വര്‍ഗീയ ശക്തികളെത്ര പ്രകോപനം സൃഷ്ടിച്ചാലും സമാധാനത്തിന്റെ വഴിയില്‍ നിന്ന് മാറിപ്പോകാന്‍ മതേതര സമൂഹം തയ്യാറല്ലെന്നും വികാരം വര്‍ഗീയതക്കുള്ള വളമാണെങ്കില്‍ വിവേകം വര്‍ഗീയതക്കെതിരെയുള്ള ആയുധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it