Big stories

ബാബരി: നീതിക്ക് മേല്‍ നീതിപീഠത്തിന്റെ കൈയേറ്റത്തിന് ഒരാണ്ട്

2019 നവംബര്‍ ഒമ്പതിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് കൈമാറി വിധി പ്രസ്താവിച്ചത്. 1857 ന് മുമ്പ് ബാബരി മസ്ജിദില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് തെളിവുകളില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.

ബാബരി: നീതിക്ക് മേല്‍ നീതിപീഠത്തിന്റെ കൈയേറ്റത്തിന് ഒരാണ്ട്
X

കോഴിക്കോട്: 2019 നവംബര്‍ 9, നീതിന്യായവ്യവസ്ഥയ്ക്ക് ഇന്ത്യയില്‍ ചരമക്കുറിപ്പെഴുതിയ ദിനം. 400 വര്‍ഷത്തിലേറെ മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്രത്തിന് കൈമാറിക്കൊണ്ട് സുപ്രിംകോടതി വിധി പ്രഖ്യാപിച്ച ഇന്ത്യയുടെ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന് ഒരുവയസ് തികയുന്നു. ഒരു ഭൂമി ഉടമാവകാശ തര്‍ക്ക കേസില്‍ ആധികാരികമായ ചരിത്രവസ്തുതകളും തെളിവുകളും വിശ്വാസത്തിലെടുക്കുന്നതിന് പകരം ഒരു വിഗ്രഹത്തെക്കുറിച്ചുള്ള ഭൂരിപക്ഷ മതവികാരങ്ങളും കെട്ടുകഥകളും ആധാരമാക്കി മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വഖഫ് ഭൂമി ക്ഷേത്രനിര്‍മാണത്തിനായി വിട്ടുകൊടുക്കുകയായിരുന്നു പരമോന്നത കോടതി.

ബാബരി തകര്‍ത്ത ഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് സംഘപരിവാര്‍ ഭരണകൂടം. ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിന് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് ശിലയിട്ടു. മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുകയാണ്. 2019 നവംബര്‍ ഒമ്പതിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് കൈമാറി വിധി പ്രസ്താവിച്ചത്. 1857 ന് മുമ്പ് ബാബരി മസ്ജിദില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് തെളിവുകളില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.

അതേസമയം, അവിടെ ഏതെങ്കിലും കാലത്ത് രാമക്ഷേത്രമുണ്ടായിരുന്നുവെന്നതിന് യാതൊരു തെളിവുകളുമില്ലായെന്ന വസ്തുത വിസ്മരിക്കപ്പെട്ടു. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേലാണ് പള്ളിയുണ്ടാക്കിയതെന്നും പള്ളിയുടെ മധ്യതാഴികക്കുടത്തിന് താഴെയാണ് രാമജന്‍മഭൂമിയെന്നും സുപ്രിംകോടതി വിധിച്ചു. ബാബരി ഭൂമിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന പുരാവസ്തു വകുപ്പ് റിപോര്‍ട്ടും തെളിവായി അംഗീകരിച്ചു. മസ്ജിദിന്റെ 2.77 ഏക്കര്‍ ഭൂമി രാമജന്‍മഭൂമിയാണെന്നും അതിനാല്‍ രാമേക്ഷത്രനിര്‍മാണത്തിന് കൈമാറണമെന്നുമായിരുന്നു സുപ്രിംകോടതി വിധി.

തര്‍ക്കത്തില്‍ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാമവിഗ്രഹത്തിനും ഭൂമി മൂന്നായി പകുത്തുനല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രിംകോടതി ഭൂമി മുഴുവനും രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്. ക്ഷേത്രനിര്‍മാണത്തിനായി ട്രസ്റ്റുണ്ടാക്കുകയും ആ ട്രസ്റ്റിന് ഭൂമി കൈമാറുകയും വേണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. അതോടൊപ്പം ബാബരി മസ്ജിദ് തകര്‍ത്തതിന് പ്രായശ്ചിത്തമായി അഞ്ചേക്കര്‍ സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും അഞ്ചംഗ ബെഞ്ച് വിധിയില്‍ നിര്‍ദേശിച്ചിരുന്നു.

ബാബരി ഭൂമിക്ക് പതിറ്റാണ്ടുകളായി നിയമയുദ്ധം നടത്തിയ സുന്നി വഖഫ് ബോര്‍ഡിന്റെയും നിര്‍മോഹി അഖാഡയുടെയും വാദങ്ങള്‍ തള്ളി കേസില്‍ 1989ല്‍ കക്ഷി ചേര്‍ത്ത രാമവിഗ്രഹത്തിനാണ് സുപ്രി കോടതി ബാബരി മസ്ജിദിന്റെ 2.77 ഏക്കര്‍ ഭൂമി നല്‍കിയത്. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്തിനുവേണ്ടി അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ദേവകി നന്ദന്‍ അഗര്‍വാളാണ് രാമവിഗ്രഹത്തെ കേസില്‍ കക്ഷിയാക്കിയത്. അഞ്ചുനൂറ്റാണ്ട് മുമ്പ് നിര്‍മിച്ച ബാബരി മസ്ജിദില്‍ മുസ്‌ലിംകള്‍ തുടര്‍ച്ചയായി ആരാധന നടത്തിയതിന് തെളിവില്ലെന്നും എന്നാല്‍, ഹിന്ദുക്കള്‍ പള്ളിമുറ്റത്ത് മുടങ്ങാതെ ആരാധന നടത്തിയതിന് തെളിവുണ്ടെന്നുമായിരുന്നു സുപ്രിംകോടതി വ്യക്തമാക്കിയത്.

ബാബരി മസ്ജിദ് ഭൂഉടമസ്ഥാവകാശ കേസിലെ നീതിനിഷേധത്തിന്റെ മുറിവുണങ്ങളുന്നതിന് മുമ്പാണ് പട്ടാപ്പകല്‍ നിയമവാഴ്ചയെ വെല്ലുവിളിച്ച് നടത്തിയ കാപാലികതയ്ക്ക് മുന്നില്‍ കോടതി വീണ്ടും കണ്ണടച്ചത്. നമ്മുടെ ജനാധിപത്യമതേതര സംവിധാനത്തില്‍ നിയമവാഴ്ച പോലും മുട്ടുമടക്കുന്ന അപൂര്‍വതയ്ക്കാണ് ലോകം ഒരിക്കല്‍ക്കൂടി സാക്ഷിയായത്. 421 വര്‍ഷം മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചന കേസില്‍ പ്രതികളായ സംഘപരിവാര്‍ നേതാക്കളെയെല്ലാം സിബിഐയുടെ ലഖ്‌നോ കോടതി വെറുതെ വിട്ടതാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചത്.

ബാബരി മസ്ജിദ് മൂന്നുതവണ ആക്രമിക്കപ്പെട്ടതായി സംശയത്തിനിടയില്ലാത്ത വിധം സുപ്രിംകോടതി നിരീക്ഷിച്ചതാണ്. 1934ന് ബാബരി മസ്ജിദിന്റെ ചില ഭാഗങ്ങള്‍ തകര്‍ക്കപ്പെട്ടതും 1949 ഡിസംബര്‍ 22ന് രാത്രി ഇരുട്ടിന്റെ മറവില്‍ പള്ളി വാതിലുകള്‍ തകര്‍ത്ത് വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബര്‍ ആറിന് ലോകം നോക്കിനില്‍ക്കെ പട്ടാപ്പകല്‍ പള്ളി പൊളിച്ചതുമാണ് കോടതി തെറ്റാണെന്ന് പറഞ്ഞത്. ഇപ്പോള്‍, സിബിഐ കോടതിയാവട്ടെ പ്രതികളെയെല്ലാം വെറുതെവിട്ട് വിശുദ്ധരാക്കിയിരിക്കുന്നു. അദ്വാനിയും ജോഷിയും അടക്കമുള്ള പ്രതികള്‍ കര്‍സേവയ്‌ക്കെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് വിധിയില്‍ പറഞ്ഞത്.

1992 ഡിസംബര്‍ ആറിന്റെ കാപാലികത നടപ്പാക്കിയവരില്‍ ആരെയും നീതിവ്യവസ്ഥയ്ക്ക് പിടികൂടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, രാജ്യത്തിന്റെ ഗമനം തന്നെ തിരിച്ചുവിട്ട ആ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഏതെങ്കിലും തരത്തില്‍ ശിക്ഷിക്കപ്പെടണമെന്ന നീതിമനസ് പൗരന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പോലും സന്നദ്ധമായില്ല എന്നതാണ്. ഡിസംബര്‍ ആറ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം, നവംബര്‍ 9 നീതി കുഴിച്ചുമൂടപ്പെട്ട ദിനം.... വിസ്മൃതിയിലേക്ക് പോവുന്ന ഓര്‍മകള്‍ പൊടിതട്ടിയെടുക്കാനുള്ള അവസരം കൂടിയാണ് ഇത്തരം വാര്‍ഷികങ്ങള്‍.

Next Story

RELATED STORIES

Share it