Kerala

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം എന്നാരോപിച്ച് മര്‍ദ്ദനം; മൂന്നുപേര്‍ റിമാന്റില്‍

പോലിസ് ഉള്‍പ്പെടെ ഉന്നതരുടെ ചോദ്യം ചെയ്യലില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നിട്ടില്ലെന്ന് കുട്ടി മൊഴി നല്‍കുകയായിരുന്നു

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം എന്നാരോപിച്ച് മര്‍ദ്ദനം; മൂന്നുപേര്‍ റിമാന്റില്‍
X

എടവണ്ണപ്പാറ: സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഓമാനൂര്‍ ചെത്തുപാലത്തുണ്ടായ സംഭവത്തില്‍ ഓമാനൂര്‍ സ്വദേശികളായ കണ്ണന്‍തൊടി ഫൈസല്‍(43), കുന്നുമ്മല്‍ ദുല്‍ഫുഖര്‍ അലി(23), മണിപ്പാട്ടില്‍ മുഅതസ്ഖാന്‍(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ടെന്നും പോലിസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരേവധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തില്‍ കണ്ടാലറിയുന്ന 40ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ആക്രമണത്തിനിരയായ കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി സഫറുല്ല(32), വാഴക്കാട് ചീരോത്ത് റഹ്മത്ത് അലി (33) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. തിങ്കളാഴ്ച രാവിലെ 9ഓടെയാണ് സംഭവം. വെള്ള നിറമുള്ള കാറില്‍ എത്തിയവര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നാട്ടുകാരോട് പറഞ്ഞത്.

ഇതനുസരിച്ച് നാട്ടുകാര്‍ പ്രദേശത്തെ സിസിടിവി കാമറ പരിശോധിച്ച് വാഹനം കണ്ടെത്തുകയും നമ്പര്‍ വാഴക്കാട് പോലിസിന് കൈമാറുകയും ചെയ്തു. പോലിസ് നിര്‍ദേശപ്രകാരം സ്‌റ്റേഷനിലേക്കു വരുന്നതിനിടെയാണ് ഒരുസംഘം കാര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ ആക്രമിച്ചത്. തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചിട്ടില്ലെന്നു യുവാക്കള്‍ പറഞ്ഞെങ്കിലും ആക്രമണം തുടര്‍ന്നു. എന്നാല്‍, രാത്രി പോലിസ് ഉള്‍പ്പെടെ ഉന്നതരുടെ ചോദ്യം ചെയ്യലില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നിട്ടില്ലെന്ന് കുട്ടി മൊഴി നല്‍കുകയായിരുന്നു. ഓണപ്പരീക്ഷയിലെ മാര്‍ക്ക് കുറഞ്ഞത് പേടിച്ച് അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം ക്ലാസില്‍ പോവാതിരിക്കാന്‍ വിദ്യാര്‍ഥി മെനഞ്ഞ കഥയാണിതെന്നാണ് പോലിസിനോടു പറഞ്ഞത്.



Next Story

RELATED STORIES

Share it