Kerala

ഈടുവയ്ക്കാന്‍ മാര്‍ഗമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴിലിനു 'ആശ്വാസം' പദ്ധതി

ദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25000 രൂപയാണ് ധനസഹായം അനുവദിക്കുക.

ഈടുവയ്ക്കാന്‍ മാര്‍ഗമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴിലിനു ആശ്വാസം പദ്ധതി
X

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ഈടുവയ്ക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 'ആശ്വാസം' പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25000 രൂപയാണ് ധനസഹായം അനുവദിക്കുക. ഓരോ ജില്ലയിലെയും ഭിന്നശേഷി ജനസംഖ്യക്ക് ആനുപാതികമായിട്ടായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 400 പേര്‍ക്കാണ് സഹായം അനുവദിക്കുക. ഇതിലേക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. 'ആശ്വാസം' പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ തൊഴില്‍രഹിതരില്‍ നിന്നും വികലാംഗക്ഷേമ കോര്‍പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകര്‍ 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിത്വമുള്ളവരും, 18 വയസ് പൂര്‍ത്തിയായവരും ഈടുവയ്ക്കാന്‍ വസ്തുവകകള്‍ ഇല്ലാത്തവരും കോര്‍പറേഷനില്‍ നിന്നോ, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്ര ഭിന്നശേഷിത്വം ബാധിച്ചവര്‍, ഭിന്നശേഷിക്കാരായ വിധവകള്‍, ഗുരുതര രോഗബാധിതരായ ഭിന്നശേഷിക്കാര്‍, 14 വയസ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കായി ജില്ലാതലത്തില്‍ ആവശ്യമായ പരിശീലനം നല്‍കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഫെബ്രുവരി 5നകം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം 12 (ഫോണ്‍: 04712347768, 7152, 7153, 7156) എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ംംം.വുംര.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Next Story

RELATED STORIES

Share it