Top

നാലു വര്‍ഷം കുതിച്ചവരും കിതക്കുന്നവരും

യുഡിഎഫ് - എല്‍ഡിഎഫ് സര്‍ക്കാരുടെ നാലുവര്‍ഷങ്ങള്‍ താരതമ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനം.

നാലു വര്‍ഷം കുതിച്ചവരും കിതക്കുന്നവരും

കടുത്ത സാമ്പത്തിക ഞെരുക്കംമൂലം സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി ഒരു വശത്ത് പറയുമ്പോള്‍ മറുവശത്ത് നേട്ടങ്ങള്‍ വിവരിക്കുന്ന രണ്ടരക്കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളില്‍ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സിപിഎമ്മിന്റെ ഭവനസന്ദര്‍ശനത്തിന് 'സുഭിക്ഷം ഭദ്രം സുരക്ഷിതം' എന്ന ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സര്‍ക്കാര്‍ ചെലവില്‍ തയാറാകുന്നത്. സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികള്‍ ഇനി മുതല്‍ അതിന്റെ ചെലവ് വഹിക്കണമെന്നു പറയുന്ന സര്‍ക്കാരിന് ഇത്തരം ധൂര്‍ത്തുകള്‍ ഒഴിവാക്കാനാവില്ലേ?

അഞ്ചുവര്‍ഷം കൊണ്ട് ചെയ്യേണ്ടവ നാലു വര്‍ഷംകൊണ്ട് ചെയ്‌തെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്നെ കാര്യം വ്യക്തമായി- ഇനി ഒന്നും ഈ സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കേണ്ട. നാലുവര്‍ഷം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുമായി സിപിഎം സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടപ്പ് പ്രചാരണത്തിനു തുടക്കമിടുകയാണ്.

പ്രകടനപത്രിയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പായില്ലെന്നു മാത്രമല്ല അവയ്ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തു. മദ്യം കുറയ്ക്കുമെന്നു പറഞ്ഞവരുടെ കാലത്ത് ബാറുകളുടെ എണ്ണം 29ല്‍ നിന്ന് 605ലേക്ക് കുതിച്ചു കയറി. ബാറുകളിലൂടെ മദ്യം പാഴ്‌സലായി നല്കാന്‍ അനുവാദം കൂടി നല്കിയതോടെ കേരളം മദ്യാലയമായി. 16 മെഡിക്കല്‍ കോളജ് എന്ന യുഡിഎഫിന്റെ ലക്ഷ്യം അട്ടിമറിച്ചശേഷം ഇപ്പോള്‍ ആരോഗ്യരംഗത്തെ നേട്ടത്തെക്കുറിച്ച് മേനി പറയുന്നു. കാരുണ്യ പദ്ധതി, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം, സുകൃതം, ആരോഗ്യകിരണം, നീര തുടങ്ങിയ ഏറ്റവും പ്രയോജനകരമായ പദ്ധതികളെ നിര്‍ജീവമാക്കി.

ഇടുക്കി ഡാം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങി ഓരോ മുന്‍ സര്‍ക്കാരിനും എടുത്തുപറയാന്‍ വികസനനേട്ടമുണ്ട്. ഈ സര്‍ക്കാരിന് അങ്ങനെയൊന്നില്ല. ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി ഇന്ന് അനാഥമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച പ്രകടനം നടന്നത് അഞ്ചാം വര്‍ഷമാണ്. സുനാമിപോലുള്ള വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ നേട്ടങ്ങള്‍ കൈവരിച്ചത്.

ലക്ഷ്യങ്ങള്‍ നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍, ഇരുസര്‍ക്കാരുകളും നാലുവര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം.

യുഡിഎഫ് സര്‍ക്കാര്‍ നാലാം വര്‍ഷം - 2015

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വര്‍ഷം- 2020

(യുഡിഎഫിന്റെ നേട്ടം മുകളില്‍, എല്‍ഡിഎഫിന്റെ നേട്ടം താഴം എന്ന ക്രമത്തില്‍)

ബൈപാസുകള്‍: കൊച്ചി േെമട്രോ സമയബന്ധിതമായി പൂര്‍ത്തീകരണത്തിലേക്ക്. 5181 കോടി രൂപ ചെലവും 25.253 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള ആദ്യഘട്ടം 2016 ആദ്യം പൂര്‍ത്തിയാകും. തുടര്‍ന്ന് ട്രയല്‍ റണ്‍ നടത്തും. (2016 ഫെബ്രു 22ന് ട്രയല്‍ റണ്‍ നടത്തി)

ഇടതു സര്‍ക്കാര്‍ യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ പണി പൂര്‍ത്തിയാക്കി. ഒന്നാംഘട്ട ത്തിലെ പേട്ട- എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള റീച്ചിനും രണ്ടാംഘട്ടത്തിലെ കാക്കനാട്/ തൃക്കാക്കര റീച്ചിനും നടപടിയില്ല.

സ്മാര്‍ട്ട്‌സിറ്റി: ആദ്യഘട്ടത്തില്‍ ആറര ലക്ഷം ചതുരശ്രയടി കെട്ടിടം സജ്ജമാകുന്നു. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 40 ലക്ഷം ചതുരശ്ര അടി വരുന്ന രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും നടക്കും. രണ്ടുവര്‍ഷത്തിനകം രണ്ടാംഘട്ടം പൂര്‍ത്തിയാക്കും.(2016 ഫെബ്രു 22ന് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു)

ഇടതുസര്‍ക്കാരിന്റെ അവഗണനമൂലം ഒന്നാംഘട്ടത്തിനുശേഷം മുന്നോട്ടുപോയില്ല.

കണ്ണൂര്‍ വിമാനത്താവളം: കണ്ണൂര്‍ വിമാനത്താവളം 2016 മേയില്‍ പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി ലഭിച്ചു. 2016 ആദ്യം പരീക്ഷണ പറക്കല്‍ നടത്താന്‍ തീരുമാനിച്ചു. (2016 ഫെബ്രു 29ന് പരീക്ഷണ പറക്കല്‍ നടത്തി)

യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞം പദ്ധതി: ഏറ്റവും നിര്‍ണായകമായ ടെണ്ടര്‍ ഏപ്രില്‍ 24നു തുറക്കുന്നു. അഞ്ചു കമ്പനികള്‍ ടെണ്ടറിന് യോഗ്യത നേടുകയും മൂന്നു കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുക്കുകയും ചെയ്തു. 817 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിന് അനുമതി. 2015 ഡിസംബറില്‍ പണി തുടങ്ങി.

2019 ഡിസംബര്‍ 4 ന് പദ്ധതി തീരേണ്ടതായിരുന്നു. ഇനി എന്ന് തീരുമെന്ന് അറിയില്ല. പുലിമുട്ടിന്റെ നിര്‍മ്മാണം മൂന്നിലൊന്ന് കഴിഞ്ഞില്ല.

ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി. 6,726 കോടി രൂപ ചെലവ്.

പദ്ധതി ഉപേക്ഷിക്കുകയും മെട്രോമാന്‍ ഇ ശ്രീധരനെയും ഡല്‍ഹി മെട്രോയെയും ഒഴിവാക്കുകയും ചെയ്തു.

സ്റ്റാര്‍ട്ടപ്പ്: സ്റ്റാര്‍ട്ടപ്പില്‍ 900 പദ്ധതികള്‍ക്കു തുടക്കമിട്ടു. 2016 ഫെബ്രുവരിക്കുള്ളില്‍ 2000 ം സ്റ്റാര്‍ട്ടപ്പുകളും 20,000 തൊഴിലവസരങ്ങളുമാണ് ലക്ഷ്യം. ഇന്ത്യയില്‍ ആദ്യത്തെ സ്റ്റാര്‍ട്ട് അപ് പദ്ധതി.

എല്‍ഡിഫിന് 2,200 സ്റ്റാര്‍ട്ടപ്പുകള്‍.

റബര്‍ സബ്‌സിഡി: റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റോഡ് റബറൈസ് ചെയ്യുന്ന പദ്ധതിക്ക് രൂപം നല്കി.

റബര്‍ വില 100 രൂപയ്ക്ക് താഴെ ആയപ്പോഴും വില സ്ഥിരതാ ഫണ്ടായ 150 രൂപയില്‍ വര്‍ധനയില്ല. 80 കോടി രൂപ കുടിശിക.

നീര: 112 വര്‍ഷം പഴക്കമുളള അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നീര ചെത്തുന്നതിന് അനുമതി. 173 ലൈസന്‍സുകള്‍ നല്കി.

പദ്ധതി ഉപേക്ഷിച്ചു

ബൈപാസുകള്‍: കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. മൂന്നു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസ് റോഡുകളുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നല്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണ ഉണ്ടാക്കിയതിനെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചു. തിരുവനന്തപുരം- കഴക്കൂട്ടം ബൈപാസ് നിര്‍മാണം തുടങ്ങി. തലശ്ശേരി-മാഹി ബൈപാസിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും. അഞ്ചു ബൈപാസുകള്‍ക്കും കൂടി 1970 കോടി രൂപ ചെലവ്. 1600 കോടി ചെലവിട്ട് 206 പാലങ്ങള്‍. കെഎസ്ടിപിയില്‍ 363 കി.മീ റോഡ് നിര്‍മാണം തുടങ്ങി.

കൊല്ലം ബൈപാസ് പൂര്‍ത്തിയാക്കി. ആലപ്പുഴ, കഴക്കൂട്ടം ബൈപാസ് നിര്‍മാണം ഇനിയും തീര്‍ന്നിട്ടില്ല. കെഎസ്ടിപിയില്‍ 226 കിമീ റോഡ് പൂര്‍ത്തിയാക്കി.

രാഷ്ട്രീയകൊലപാതകം: പതിനൊന്ന്

മുപ്പത്തി ഒന്ന്

മെഡിക്കല്‍ കോളജുകള്‍: 30 വര്‍ഷത്തിനുശേഷം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ 16 ആക്കാന്‍ തീരുമാനം. മഞ്ചേരിയിലും ഇടുക്കിയിലും പാലക്കാടും പുതിയ മെഡിക്കല്‍ കോളേജുകള്‍ ഉടനേ ആരംഭിക്കും. തിരുവനന്തപുരത്ത് പുതിയ മെഡിക്കല്‍ കോളജിന്റെ കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തു. കാസര്‍കോഡ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ആരംഭിച്ചു. വയനാട് മെഡിക്കല്‍ കോളജിന് വീരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായി ഭൂമി നല്കി. കോന്നി മെഡിക്കല്‍ കോളജ് കെട്ടിടം പണി പുരോഗമിക്കുന്നു. ഹരിപ്പാട് മെഡിക്കല്‍ കോളജിന് സ്ഥലം കണ്ടെത്തി. കൊച്ചി, പരിയാരം സഹ.മെഡിക്കല്‍ കോളേജുകളും പാരിപ്പള്ളി മെഡിക്കല്‍ കോളജും ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചു.

9 മെഡിക്കല്‍ കോളജുകള്‍ മാത്രം. മഞ്ചേരി, പാലക്കാട് എന്നിവ മാത്രമാണ് മുന്നോട്ടുകൊണ്ടുപോയത്. കാസര്‍കോഡ് കോവിഡ് ആശുപത്രിയാക്കി. ഇടുക്കിക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ ശ്രമമില്ല. തിരുവനന്തപുരം ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരം കിട്ടിയിട്ടും ഉപേക്ഷിച്ചു. കോന്നി, വയനാട്, ഹരിപ്പാട് എന്നിവ അനിശ്ചിതത്വത്തില്‍.

സുകൃതം, ആരോഗ്യകിരണം: 18 വയുസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും എല്ലാ ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണത്തിലൂടെ സൗജന്യം. സുകൃതത്തില്‍ എല്ലാ കാന്‍സര്‍ രോഗികള്‍ക്കും സൗജന്യ ചികിത്സയും മരുന്നും.

നിര്‍ത്തലാക്കി

കാരുണ്യ: കാരുണ്യയില്‍ 2015 മേയ് 15 വരെ 86,876 പേര്‍ക്ക് 701 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്കും. ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.

കാരുണ്യ പദ്ധതി അനിശ്ചിതത്വത്തില്‍. ഹീമോഫീലിയ ബാധിതര്‍ ഉള്‍പ്പെടെ 40,000 രോഗികള്‍ ആശങ്കയില്‍.

ക്ഷേമ പെന്‍ഷന്‍: ക്ഷേമ പെന്‍ഷനുകള്‍ ഏറ്റവും ചുരുങ്ങിയത് 600 രൂപയായും 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 1,200 രൂപയായും വര്‍ദ്ധിപ്പിച്ചു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് 14 ലക്ഷം പേര്‍ക്കു നല്കിയിരുന്ന ക്ഷേമപെന്‍ഷന്‍ 32 ലക്ഷം പേര്‍ക്ക് നല്കി.

എല്ലാവര്‍ക്കും 1300 രൂപയാക്കി ഏകീകരിച്ചു. ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങിയ പാവപ്പെട്ടവരെ ഒഴിവാക്കി.

ബാറുകള്‍ പൂട്ടി: പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി 5 സ്റ്റാറിനു താഴെയുള്ള 730 ബാറുകള്‍ അടച്ചുപൂട്ടി. അവശേഷിച്ചത് 29 സ്റ്റാര്‍ ബാറുകള്‍ മാത്രം. ബിവറേജസ് കോര്‍പ്പറേഷന്റെ 52 ഔട്ട്‌ലെറ്റുകള്‍ പൂട്ടുകയും ഓരോ വര്‍ഷവും 10 ശതമാനം വീതം അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു.

ബാറുകളുടെ എണ്ണം 29ല്‍ നിന്ന് 605ല്‍ എത്തി. ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ 306ല്‍ നിന്ന് 1298 ആയി. ബാറുകളിലൂടെ മദ്യം പാഴ്‌സലായി വില്ക്കാന്‍ അനുമതി നല്കിയതോടെ ബിവറേജസ് കോര്‍പറേഷന് തിരിച്ചടി. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കും എന്നായിരുന്നു പ്രകടനപത്രിക.

എല്ലാവര്‍ക്കും പാര്‍പ്പിടം: സാഫല്യം, സാന്ത്വനം, സായൂജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ പദ്ധതികളിലൂടെ 4,14,552 വീടുകള്‍ നിര്‍മിച്ചു. പാര്‍പ്പിട മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 3,259 കോടിയാക്കി ഉയര്‍ത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് 19,000 വീടുകള്‍ നിര്‍മിച്ചു നല്കി. 48.75 കോടി രൂപയുടെ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാനും തുടങ്ങി.

ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മിച്ചു നല്കി. ഇതില്‍ 54,098 വീടുകള്‍ യുഡിഎഫ് ഏതാണ്ട് പൂര്‍ത്തിയാക്കിയവ. ബാക്കിയുള്ള 1,65,056 വീടുകളാണ് എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയത്. മത്സ്യമേഖലയില്‍ 6224 വീടുകള്‍ നിര്‍മിച്ചു. ലൈഫില്‍ 1666 വീടും.

പട്ടയം: 1.16 ലക്ഷം പേര്‍ക്ക് പട്ടയം നല്കി. 1.84 പേര്‍ക്ക് കൂടി 2016 മാര്‍ച്ചില്‍ പട്ടയം നല്കുമെന്നു പ്രഖ്യാപിച്ചു.

1.43 ലക്ഷം പേര്‍ക്ക് പട്ടയം നല്കി.

ജനസമ്പര്‍ക്കം: 2011, 2013, 2015 വര്‍ഷങ്ങളില്‍ മൂന്നു ജനസമ്പര്‍ക്കപരിപാടികള്‍. 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.

ജനസമ്പര്‍ക്ക പരിപാടി ഒഴിവാക്കി

ഒരു രൂപ അരി: എപിഎല്‍ ഒഴികെ എല്ലാവര്‍ക്കും ഒരു രൂപയ്ക്ക് ഒരു കിലോ അരി. എപിഎല്‍കാര്‍ക്ക് 8.90 രൂപ. പൊതുവിതരണരംഗത്ത് കംപ്യൂട്ടര്‍വത്കരണം ആരംഭിച്ചു. 82 ലക്ഷം വനിതകളെ കാര്‍ഡുടമകളാക്കി റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നു. (2016ല്‍ സൗജന്യ അരി).

നീല, മഞ്ഞ, റോസ് കാര്‍ഡുകള്‍ക്ക് രണ്ടു രൂപയ്ക്ക് അരി. വെള്ളകാര്‍ഡിന് ഒരു കിലോ അരിക്ക് 10.90 രൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2015 ഫെബ്രു. വരെ വിതരണം ചെയ്തത് 412.50 കോടി രൂപ.

3237 കോടി. ഇതില്‍ ഓഖി, പ്രളയം തുടങ്ങിയവയ്ക്ക് നല്കിയ തുകയും ഗ്രാമീണറോഡുകള്‍ക്കും (961 കോടി)മത്സ്യത്തൊഴിലാളി വീടുകള്‍ക്കും നല്കിയ സഹായവും ഉള്‍പ്പെടുത്തി.

പൊതുകടം: 1,41,947 കോടി രൂപ

2,64,459 കോടി രൂപ. 1,22,512 കോടി രൂപയുടെ വര്‍ധന

Next Story

RELATED STORIES

Share it