Kerala

അരിയില്‍ ഷുക്കൂര്‍ വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 32, 33 പ്രതികളായാണ് ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികളില്‍ ഒരാള്‍ നിയമസഭാംഗവും മറ്റൊരാള്‍ സമുന്നത നേതാവും ആണെന്നതു കൊണ്ട് സഭാനടപടികള്‍ നിര്‍ത്തിവച്ച് ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

അരിയില്‍ ഷുക്കൂര്‍ വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
X

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഇതേതുടര്‍ന്ന് സഭാനടപടികള്‍ വെട്ടിച്ചുരുക്കി സഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ തയ്യാറാവാതെ വന്നതോടെ സഭാതലം ബഹളത്തിലേക്ക് നീങ്ങി. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 32, 33 പ്രതികളായാണ് ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികളില്‍ ഒരാള്‍ നിയമസഭാംഗവും മറ്റൊരാള്‍ സമുന്നത നേതാവും ആണെന്നതു കൊണ്ട് സഭാനടപടികള്‍ നിര്‍ത്തിവച്ച് ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സഭാകവാടത്തില്‍ കുത്തിയിരുന്നു.

എന്നാല്‍ കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഭരണപരമായി ഇക്കാര്യത്തിന് ബന്ധമൊന്നുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ഇപ്പോള്‍ അടിയന്തരപ്രമേയ ചര്‍ച്ചയുടെ ആവശ്യമില്ല. അടിയന്തരപ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ്‌വഴക്കമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു.

മുമ്പ് കുറ്റപത്രം സമര്‍പിക്കപ്പെട്ട കേസുകളില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ ഇത് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്‍എ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎല്‍എയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുന്‍പ്രതിപക്ഷം കോടതി നടപടികള്‍ അടിയന്തരമായി കൊണ്ടുവന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നിന്നതോടെയാണ് സഭയില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ കുത്തിയിരുന്നത്. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് കൂടാതെ ദേവികുളം സബ്കലക്ടര്‍ രേണുരാജിനെതിരെ എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ പ്രതിപക്ഷം സബ്മിഷനും ഉന്നയിക്കാനിരിക്കെയാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്.

Next Story

RELATED STORIES

Share it