Kerala

നടപടികൾ ഒച്ചിഴയും വേഗത്തിൽ; 2357 കോടിയുടെ അമൃത് പദ്ധതി സ്തംഭനത്തില്‍

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളും പാലക്കാട്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികളുമാണ് 'അമൃതി'ല്‍ ഉള്‍പ്പെടുന്നത്. ആകെയുള്ള 1025 പദ്ധതികളില്‍ 350 ല്‍പ്പരം വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിടാന്‍ പോലും ഇതുവരെ ആയിട്ടില്ല.

നടപടികൾ ഒച്ചിഴയും വേഗത്തിൽ; 2357 കോടിയുടെ അമൃത് പദ്ധതി സ്തംഭനത്തില്‍
X

തിരുവനന്തപുരം: കേരളത്തിലെ നഗരവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 2357 കോടികളുടെ അമൃത് പദ്ധതി സ്തംഭനത്തില്‍. 2020 ജൂണില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കും. പദ്ധതി ഇഴയുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ മൂന്നുതവണ താക്കീത് നല്‍കിയിട്ടും അധികൃതര്‍ അനങ്ങിയിട്ടില്ല. ഇതോടെ പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

സാങ്കേതികാനുമതി വൈകുന്നതിനാല്‍ അഞ്ചു വര്‍ഷത്തേക്കുള്ള 2357 കോടി രൂപയുടെ പദ്ധതി അവതാളത്തിലാണ്. മൂന്നുവര്‍ഷംകൊണ്ടു നടപ്പാക്കേണ്ട പദ്ധതികളില്‍സംസ്ഥാനത്ത് പൂര്‍ത്തിയായത് 1.5 ശതമാനം മാത്രം. പകുതിയോളം പദ്ധതികള്‍ ഇതുവരെ ടെന്‍ഡര്‍ചെയ്യാന്‍ പോലുമായിട്ടില്ല. ടെന്‍ഡറായ പദ്ധതികള്‍ തുടങ്ങിയിട്ടുമില്ല. പദ്ധതികള്‍ വൈകിയാല്‍ പണം നഷ്ടമാകുമെന്ന് കേന്ദ്രം കഴിഞ്ഞ ജനുവരിയിലും കേരളത്തിന് താക്കീതു നല്‍കിയിരുന്നു.പൂര്‍ത്തിയാകാത്തവയില്‍ 388 വന്‍കിട പദ്ധതികളും ഉള്‍പ്പെടുന്നു.

1,311 കോടി രൂപയുടെ പദ്ധതികള്‍ക്കുമാത്രമാണ് ഡിസംബര്‍വരെ കരാര്‍ നല്‍കിയിട്ടുള്ളതെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലത്തിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാലാവധിക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കാനാകില്ല. ഇങ്ങനെവന്നാല്‍ പണം നഷ്ടമാകുമെന്ന് കത്തില്‍ പറയുന്നു. 45 പദ്ധതികള്‍ക്കു മാത്രമാണ് സാങ്കേതികാനുമതി ലഭിച്ചിട്ടുള്ളത്. ചെലവിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരും 30 ശതമാനം സംസ്ഥാനസര്‍ക്കാരും ബാക്കി 20 ശതമാനം തദ്ദേശസ്ഥാപനവും വഹിക്കുന്ന രീതിയിലാണ് അമൃത് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളും പാലക്കാട്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികളുമാണ് 'അമൃതി'ല്‍ ഉള്‍പ്പെടുന്നത്. ആകെയുള്ള 1025 പദ്ധതികളില്‍ 350 ല്‍പ്പരം വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിടാന്‍ പോലും ഇതുവരെ ആയിട്ടില്ല. എന്നാല്‍ കരാര്‍ നല്‍കിയ പദ്ധതികളില്‍ വളരെക്കുറച്ചെണ്ണത്തിന്റെ നിര്‍മാണം മാത്രമാണ് തുടങ്ങാനായത്. നിര്‍മാണം ഇനിയും വൈകിയാല്‍ പണം നഷ്ടമാകുമെന്ന് കേന്ദ്രം, സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ളത്. 271 എണ്ണത്തില്‍ 39 എണ്ണം മാത്രമാണ് തുടങ്ങാനായത്.

നഗരപ്രദേശങ്ങളുടെ ആധുനികീകരണത്തിനു സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണ് 'അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍' എന്ന 'അമൃത്' പദ്ധതി. ജലവിതരണപദ്ധതികള്‍ നടപ്പാക്കല്‍, നഗരഗതാഗതം സുഗമമാക്കല്‍, ഓടകളും പൂന്തോട്ടങ്ങളും നിര്‍മിക്കല്‍, മലിനജല സംസ്‌കരണ സംവിധാനമുണ്ടാക്കല്‍ എന്നീ പദ്ധതികളാണ് 'അമൃതി'ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; നടപ്പാക്കുന്നത് തദ്ദേശവകുപ്പും.

2015 സപ്തംബറിലാണ് കേരളത്തിലെ പദ്ധതിപ്രവര്‍ത്തനം ആരംഭിച്ചത്. 2015-16 വര്‍ഷം തൊട്ട് 2017-18 വര്‍ഷം വരെയുള്ള മൂന്നുവര്‍ഷത്തെ 379 പദ്ധതികള്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു. ഇവ അംഗീകരിച്ച് 2357 കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം അനുമതി നല്‍കി. അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിന് സമഗ്ര പദ്ധതിരേഖ(ഡിപിആര്‍.) തയ്യാറാക്കുന്നതായിരുന്നു ആദ്യ കടമ്പ. കേന്ദ്ര മാനദണ്ഡം അനുസരിച്ച് എല്ലാ പദ്ധതികള്‍ക്കുമായി സംസ്ഥാനതലത്തില്‍ ഒരു കണ്‍സള്‍ട്ടന്റിനെ നിയോഗിച്ച് പഠനം നടത്താനാണ് നിര്‍ദേശിച്ചത്. ഇതു വേണ്ടെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍, അതത് നഗരസഭകള്‍ സ്വന്തം നിലയ്ക്ക് ഏജന്‍സിയെ നിയോഗിക്കണമെന്നു നിര്‍ദേശിച്ചു. ഇതാണ് പദ്ധതികള്‍ വൈകാനുള്ള ആദ്യ കാരണം. ഒരു വര്‍ഷത്തോളം സമയം ഈ നടപടിക്രമങ്ങള്‍ക്കുതന്നെ വേണ്ടിവന്നു.

379 പദ്ധതികള്‍ക്ക് അംഗീകാരം കിട്ടിയെങ്കിലും 255 പദ്ധതികളുടെ ഡിപിആര്‍ മാത്രമാണ് ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്. പദ്ധതി തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും 124 പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കിയിട്ടുപോലുമില്ല. അമൃത് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഡിപിആര്‍ അംഗീകരിച്ച് സര്‍ക്കാരിനു നല്‍കും. തുടര്‍ന്ന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കണം. പിന്നീട് സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ വിളിച്ചാല്‍ മാത്രമേ നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ.

ഇതുവരെ 22 പ്രവൃത്തികളാണ് തുടങ്ങിയിരിക്കുന്നത്. ഭരണാനുമതി കിട്ടിയ 255 പദ്ധതികളില്‍ 45 എണ്ണത്തിനു മാത്രമേ ഇതുവരെ സാങ്കേതികാനുമതി ലഭിച്ചിട്ടുള്ളൂ. ആകെ പദ്ധതികളില്‍ 40 ശതമാനവും ജലവിതരണ പദ്ധതികളാണ്. ജല അതോറിറ്റിക്കാണ് ഇവയുടെ നടത്തിപ്പു ചുമതല. ജലവിതരണ പദ്ധതികളില്‍ ഭൂരിഭാഗത്തിനും ഡിപിആര്‍ ആയെങ്കിലും സാങ്കേതികാനുമതി വൈകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പതിവു പദ്ധതികളും വകുപ്പുതല പദ്ധതികളും ഉള്ളതിനാല്‍ അമൃത് പദ്ധതിക്കു മാത്രമായി ഉദ്യോഗസ്ഥരെ വിനിയോഗിക്കാനാവുന്നില്ല എന്നാണു പറയുന്നത്.

മലിനജല സംസ്‌കരണം, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടിങ്, പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കു സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് സംസ്ഥാനതലത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് പദ്ധതികള്‍ തയ്യാറാക്കി സാങ്കേതികാനുമതി നല്‍കേണ്ടത്. ഇവിടെയും മെല്ലെപ്പോക്കാണ്. ഓടകളുടെ നിര്‍മാണപദ്ധതികള്‍ തയ്യാറാക്കേണ്ടതും സാങ്കേതികാനുമതി നല്‍കേണ്ടതും അതതു നഗരസഭകളാണ്. പദ്ധതികള്‍ വീതിച്ചുകൊടുത്തെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നു മാത്രം. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും സംസ്ഥാനതലത്തില്‍ നടപടിക്രമങ്ങള്‍ വൈകുന്നതുമാണ് പദ്ധതികള്‍ വൈകാന്‍ കാരണമെന്നാണ് നഗരസഭാധികൃതരുടെ വാദം.

മൂന്നുവര്‍ഷത്തെ പദ്ധതികളാണ് കേന്ദ്രത്തിനു നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യ രണ്ടു വര്‍ഷത്തെ പദ്ധതിത്തുകയുടെ 20 ശതമാനമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് -215 കോടി രൂപ. ഇതില്‍ ഇതുവരെ ചെലവഴിച്ചിരിക്കുന്നത് ആറുകോടി മാത്രവും. ആദ്യ വര്‍ഷ പദ്ധതിത്തുകയുടെ 25 ശതമാനം പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മാത്രമേ മൂന്നാം വര്‍ഷ പദ്ധതിത്തുകയുടെ വിഹിതം നല്‍കൂവെന്ന് അമൃത് പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

ആദ്യ വര്‍ഷം കേരളത്തിനനുവദിച്ചത് 589 കോടിയാണ്. ഇതിന്റെ 25 ശതമാനം കണക്കാക്കിയാല്‍, ചുരുങ്ങിയത് 150 കോടിയുടെ പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മാത്രമേ മൂന്നാം വര്‍ഷ പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭിക്കൂ. 2020 സപ്തംബർ വരെയാണ് അമൃതിന്റെ കാലാവധി. 124 പദ്ധതികള്‍ക്ക് അതിനിടയില്‍ ഡിപിആര്‍ തയ്യാറാക്കണം. 334 പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിക്കണം. പിന്നെ ടെന്‍ഡര്‍ കഴിഞ്ഞ് പ്രവൃത്തികള്‍ ആരംഭിക്കണം. ഇപ്പോഴത്തെ നിലയ്ക്കു പോയാല്‍ . നഗരവികസനം പാതിയില്‍ നിലയ്ക്കും.

Next Story

RELATED STORIES

Share it