Kerala

അംപന്‍ ബാധിച്ചു; കേരളത്തില്‍ മണ്‍സൂണ്‍ വൈകും

അറബിക്കടലില്‍ രൂപമെടുത്തിരുന്ന മണ്‍സൂണ്‍ കാറ്റിനെ അംപന്‍ വലിച്ചെടുത്തതാണ് ഇതിനു കാരണമായി കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്.

അംപന്‍ ബാധിച്ചു; കേരളത്തില്‍ മണ്‍സൂണ്‍ വൈകും
X

തിരുവനന്തപുരം: അംപന്‍ സൂപ്പര്‍ ചുഴലികാറ്റ് കേരളത്തിലേക്കുള്ള മണ്‍സൂണിന്റെ വരവിനെയും ബാധിച്ചതായി സൂചന. അറബിക്കടലില്‍ രൂപമെടുത്തിരുന്ന മണ്‍സൂണ്‍ കാറ്റിനെ അംപന്‍ വലിച്ചെടുത്തതാണ് ഇതിനു കാരണമായി കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്.

കേരളം പ്രതീക്ഷിച്ചിരുന്ന മണ്‍സൂണ്‍ കാറ്റിന്റെ ദിശയെയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവിനെയും ചുഴലിക്കാറ്റ് സ്വാധീനിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ആന്‍ഡമാനില്‍ മണ്‍സൂണ്‍ എത്തി ആറോ ഏഴോ ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുന്നതാണു രീതി. എന്നാല്‍, ആന്‍ഡമാനില്‍ മണ്‍സൂണ്‍ എത്തിക്കഴിഞ്ഞിട്ടും അതിന്റെ ലക്ഷണങ്ങള്‍ അറബിക്കടലിലും കേരള തീരത്തും കാണാത്തതിനു പിന്നില്‍ അംപനിന്റെ സ്വാധീനമാണ്.

അതുകൊണ്ട് മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും അല്‍പം കൂടി വൈകിയേക്കാമെന്നാണ് ഇപ്പോഴുള്ള സൂചന. നിലവിലെ സാഹചര്യത്തില്‍ അറബിക്കടലില്‍ ന്യൂനമര്‍ദമുണ്ടായാല്‍ മണ്‍സൂണിന് അനുകൂലമാകും. ജൂണ്‍ അഞ്ചിനു മണ്‍സൂണ്‍ കേരളത്തില്‍ പെയ്തിറങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അംപന്‍ സൂപ്പര്‍ ചുഴലിയായത് കേവലം 12 മണിക്കൂറിനുള്ളില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു. അതിശക്തമായ ചുഴലിയുടെ കേന്ദ്രബിന്ദുവില്‍ 270 കിലോമീറ്റര്‍ വേഗതയുള്ള കാറ്റായിരുന്നു ആഞ്ഞടിച്ചത്. ഇതിന്റെ പ്രഭാവം ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള അറബിക്കടലിലുമുണ്ടായി.

Next Story

RELATED STORIES

Share it