Kerala

ആലപ്പാടിന് വേണ്ടത് ജീവിതമാണ്; അവഗണനയല്ല

ഖനനത്തെ തുടര്‍ന്ന് ഏതുനിമിഷവും കടലെടുക്കാവുന്ന സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ ഒരുജനത രണ്ടരമാസമായി സമരത്തിലാണ്. കരിമണല്‍ ഖനനം ആലപ്പാട് ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാര്‍ ഇത്രയും കാലം പരിസ്ഥിതിയെ തകര്‍ത്ത് ഐആര്‍ഇ(ഇന്ത്യന്‍ റയര്‍ എര്‍ത്ത്) നടത്തുന്ന ഖനനത്തിനെതിരെ കണ്ണടക്കുകയായിരുന്നു.

ആലപ്പാടിന് വേണ്ടത് ജീവിതമാണ്; അവഗണനയല്ല
X

കരിമണല്‍ ഖനനത്തിന്റെ മറവില്‍ ഒരുനാട് തന്നെ ഇല്ലാതാവുമ്പോഴും ഭരണകൂടം മനപ്പൂര്‍വം കണ്ണടയ്ക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്. ഖനനത്തെ തുടര്‍ന്ന് ഏതുനിമിഷവും കടലെടുക്കാവുന്ന സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ ഒരുജനത രണ്ടരമാസമായി സമരത്തിലാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ സംരക്ഷിച്ച് പൗരവകാശം ഊട്ടിയുറപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ. ഒരുനാടിനെ അപ്പാടെ തകര്‍ത്തെറിഞ്ഞുള്ള വികസനമാതൃകയാണോ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. കരിമണല്‍ ഖനനം ആലപ്പാട് ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാര്‍ ഇത്രയും കാലം പരിസ്ഥിതിയെ തകര്‍ത്ത് ഐആര്‍ഇ(ഇന്ത്യന്‍ റയര്‍ എര്‍ത്ത്) നടത്തുന്ന ഖനനത്തിനെതിരെ കണ്ണടച്ചിരിക്കുകയായിരുന്നു.


കഴിഞ്ഞ രണ്ടരമാസമായി ആലപ്പാട് നിവാസികള്‍ സമരമുഖത്തുണ്ടായിട്ടും നിര്‍ബന്ധിത മൗനം തുടര്‍ന്ന സര്‍ക്കാരും ഭരണപക്ഷപാര്‍ട്ടികളും കഴിഞ്ഞദിവസമാണ് ഇക്കാര്യത്തില്‍ വാ തുറക്കാന്‍ പോലും തയ്യാറായത്. ജനവികാരം തങ്ങള്‍ക്കെതിരാവുന്നുണ്ടെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചുവടുമാറ്റം. ഇപ്പോഴിതാ സമരക്കാരുമായി ചര്‍ച്ചയ്ക്ക്് തയ്യാറാണെന്നും സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. അപ്പോഴും നിയമവിരുദ്ധ ഖനനം നടത്തുന്ന ഐആര്‍ഇയെ തള്ളിക്കളയാന്‍ ഭരണകൂടം ശ്രമിച്ചിട്ടില്ല.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഐആര്‍ഇ വിലകൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. 60 വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നുണ്ട്. ഓരോവര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 30 വര്‍ഷത്തിന് മുമ്പ് പൊന്‍മനയില്‍ 1500 കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. ആലപ്പാട് നിന്നും 1300 കുടുംബങ്ങള്‍ നാടുവിട്ട് പോയെന്നാണ് കണക്ക്. ഏറേപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഖനനത്തിന്റെ ഫലമായി ടിഎസ് കനാലും അറബിക്കടലും തമ്മിലുള്ള അകലം കുറഞ്ഞുവരികയാണ്.

കരിമണല്‍ ഖനനം മൂലം ആലപ്പാട് പ്രദേശം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി നിയമസഭാ സമിതി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞു. ഈ റിപോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് മാത്രമല്ല, ഖനനത്തിന് ശേഷമുണ്ടാവുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി. ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഐആര്‍ഇയും കെഎംഎംഎല്ലും (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും ലിമിറ്റഡ്) വീഴ്ചകള്‍ വരുത്തിയെന്നും സഭാസമിതിയുടെ റിപോര്‍ട്ട് പറയുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഭൂജലവകുപ്പിന്റേയും ജില്ലാകലക്ടറുടേയും മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി വേണമെന്ന പരിസ്ഥിതി സമിതിയുടെ ശുപാര്‍ശയും ഭരണകൂടം പൂഴ്ത്തിവച്ചു.

ഖനനത്തെ തുടര്‍ന്ന് 21 റീസര്‍വ്വേ നമ്പറുകളിലുള്ള സ്ഥലങ്ങള്‍ അപ്രത്യക്ഷമായെന്ന് ആലപ്പാട് പഞ്ചായത്ത് നേരിടുന്ന ഗുരുതര പാരിസ്ഥിതി, മാനുഷിക പ്രശ്‌നങ്ങളെ കുറിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു. നാട്ടൂകാര്‍ ഉന്നയിക്കുന്ന പരാതികള്‍ ശരിയാണ്. കിണറുകളും ഉറവകളും വറ്റിവരണ്ടു. കടുത്ത പ്രതിസന്ധിയിലൂടെയാ ഈ പ്രദേശം കടന്നുപോവുന്നതെന്നും സമിതി കണ്ടെത്തി. നിയമവിധേയമായാണ് ഖനനമെന്ന് കമ്പനികള്‍ സമിതിക്കുമുന്നില്‍ ആവര്‍ത്തിച്ച് വെളിപ്പെടുത്തിയെങ്കിലും സഭാസമിതി അത് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തില്ല. ഐആര്‍ഇ, കെഎംഎംഎല്‍ എന്നീസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായി. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു. മാലിന്യനിക്ഷേപത്തിലും കമ്പനികള്‍ക്ക് ഗുരുതര വീഴ്ചവന്നു. കടലിനും കായലിനും ഇടയിലുള്ള ഭൂമിയുടെ വിസ്തൃതി 100 മീറ്ററായി ചുരുങ്ങിയെന്നും സമിതി കണ്ടെത്തി.


മാത്രമല്ല, ശുദ്ധജല സ്രോതസ്സുകള്‍, കണ്ടല്‍ക്കാടുകള്‍, മല്‍സ്യസമ്പത്ത്് എന്നിവയുടെ നിലനില്‍പ്പിനേയും ഖനനം ബാധിച്ചതായും റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇത്രയും ഗുരുതരമായ ഈ പാരിസ്ഥിതിക പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ഇക്കാലമത്രയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കരുതലോടെയാവണമെന്നും അവതുടര്‍ന്നും നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നും പരിസ്ഥിതി സമിതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഖനനം മൂലം വലിയ ഗര്‍ത്തങ്ങളാണ് ഈ പാരിസ്ഥിതിക പ്രാധാന്യ മേഖലയിലുണ്ടായത്. ധാതുക്കള്‍ വേര്‍തിരിച്ച ശേഷം മണല്‍ ഇവിടെയിട്ട് മൂടിയില്ലെങ്കില്‍ ഗര്‍ത്തത്തിലെ മടപൊട്ടി കായലിലേക്ക് കടലൊഴുകും. അങ്ങനെ സംഭവിച്ചാല്‍ രാസവസ്തുക്കള്‍ കായിലില്‍ കലരുകയും ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യും. എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെയും നേരത്തെയും ഉള്ളതാണെന്നാണ് ഐആര്‍ഇയുടെ വിശദീകരണം.

അവഗണനയില്‍ മനംനൊന്ത് ജീവിക്കാനുള്ള അവകാശത്തിനായി കഴിഞ്ഞ രണ്ടരമാസമായി ആലപ്പാട് നിവാസികള്‍ തുടരുന്ന സമരത്തെ ഭരണകൂടം അവഗണിച്ചെങ്കിലും പൊതുജനം ഏറ്റെടുത്തു. സാമൂഹികമാധ്യമങ്ങള്‍ ആലപ്പാടിന് പിന്തുണയുമായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ കണ്ണുതുറക്കാന്‍ തയ്യാറായി. സമരക്കാരുമായി ചര്‍ച്ച നടത്തിയ ഖനനം നിയമവിധേയമാക്കാന്‍ നടപടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍, ഖനനം പൂര്‍ണമായും നിര്‍ത്തിവയ്ക്കാതെ ഒരുചര്‍ച്ചയ്ക്കുമില്ലെന്ന് സമരസമിതിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആലപ്പാട്ടെ ഖനനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it