Kerala

അൽ അമീൻ വീണ്ടും ജനങ്ങളിലേക്ക്

ഓൺലൈനായാണ് അൽ അമീൻ പുനരവതരിപ്പിക്കുന്നത്. വെബ്സൈറ്റ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ അൽ അമീൻ ലഭ്യമാകും.

അൽ അമീൻ വീണ്ടും ജനങ്ങളിലേക്ക്
X

മലപ്പുറം: സ്വാതന്ത്ര്യ സമരമുഖത്തെ പ്രധാന ശബ്ദമായിരുന്ന മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബിന്റെ അൽ അമീൻ പത്രം വീണ്ടും പുറത്തിറങ്ങുന്നു. ഒട്ടേറെ സമരങ്ങൾക്ക് പ്രചോദനം നൽകിയ പത്രമാണ് അൽഅമീൻ.

വാർത്തകളും നിലപാടുകളും സത്യസന്ധവും വിശ്വസ്തവുമായിരിക്കണം എന്നതിനാൽ പത്രത്തിന് അൽ അമീൻ (വിശ്വസ്തൻ ) എന്ന പേരാണ് അബ്ദുറഹ്മാൻ സാഹിബ്‌ കണ്ടെത്തിയത്. 1923 ഡിസംബറിൽ അൽഅമീൻ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി രജിസ്റ്റർ ചെയ്തു. 1924 ഒക്ടോബർ 12ന് അൽ അമീൻ പത്രം ജനങ്ങളിലെത്തി, അന്തമാൻ സ്കീമിനെതിരെയും മാപ്പിള ഔട്ട്‌റേജസ് ആക്ടിനെതിരെയും അൽ അമീൻ ശക്തമായ നിലപാടെടുത്തിരുന്നു.സ്വാതന്ത്രസമര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അൽ അമീൻ മുഖ്യപങ്കുവഹിച്ചിരുന്നു.

നിലവിൽ കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദിന്റെ പേരിലാണ് പത്രത്തിന്റെ രജിസ്‌ട്രേഷൻ. എഴുത്തുകാരനും അധ്യാപകനുമായ കോഡൂർ അബ്ദുൽ ബായിസ് അൽ അമീനെ കുറിച്ച് 'അൽ അമീൻ: പത്രവും പത്രാധിപരും' എന്ന പേരിൽ പുസ്തകം എഴുതുന്നതിന്റെ ഭാഗമായി വീക്ഷണം മുഹമ്മദുമായി നടത്തിയ ചർച്ചയിലാണ് അൽ അമീൻ വീണ്ടും തുടങ്ങുന്നതിനെ കുറിച്ച് ധാരണയായത്. കോഡൂർ ബായിസ് എഡിറ്ററും ഡിസിസി സെക്രട്ടറി ഉമ്മർ ഗുരിക്കൾ മാനേജിങ് ഡയറക്ടറുമാണ്.

ഓൺലൈനായാണ് അൽ അമീൻ പുനരവതരിപ്പിക്കുന്നത്. വെബ്സൈറ്റ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ അൽ അമീൻ ലഭ്യമാകും. ഓൺലൈൻ എഡിഷന്റെ ലോഗോ പ്രകാശനം അൽ അമീന്റെ തൊണ്ണൂറ്റി ആറാം വാർഷിക ദിനമായ 2020 ഒക്ടോബർ 12ന് മലപ്പുറം പ്രസ്‌ക്ലബിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദും മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌ ട്രസ്റ്റ് ചെയർമാൻ സി ഹരിദാസും ചേർന്ന് നിർവഹിക്കും.

Next Story

RELATED STORIES

Share it