Kerala

എസ്എഫ്‌ഐയും എബിവിപിയും ഒരുപോലെയെന്ന് എഐഎസ്എഫ് പ്രവര്‍ത്തന റിപോര്‍ട്ട്

കാംപസുകളില്‍ ഫാഷിസ്റ്റ് സമീപനം പുലര്‍ത്തുന്ന സംഘടനയാണ് എസ്എഫ്‌ഐ. ഫാഷിസ്റ്റ് രീതി പിന്തുടരുന്നവരെ ഫാഷിസ്റ്റുകളെന്നേ വിളിക്കാനാവു. മുദ്രാവാക്യം ഒന്നും പ്രവര്‍ത്തനം വേറെ രീതിയിലുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നതെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

എസ്എഫ്‌ഐയും എബിവിപിയും ഒരുപോലെയെന്ന് എഐഎസ്എഫ് പ്രവര്‍ത്തന റിപോര്‍ട്ട്
X

തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യത്തിന് വിലങ്ങു തടി സൃഷ്ടിക്കുന്നതില്‍ എസ്എഫ്‌ഐയും എബിവിപിയും ഒരു പോലെയെന്ന് എഐഎസ്എഫ്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപോര്‍ട്ടിലാണ് എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

കാംപസുകളില്‍ ഫാഷിസ്റ്റ് സമീപനം പുലര്‍ത്തുന്ന സംഘടനയാണ് എസ്എഫ്‌ഐ. ഫാഷിസ്റ്റ് രീതി പിന്തുടരുന്നവരെ ഫാഷിസ്റ്റുകളെന്നേ വിളിക്കാനാവു. മുദ്രാവാക്യം ഒന്നും പ്രവര്‍ത്തനം വേറെ രീതിയിലുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നതെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

''വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം പലവിധ വെല്ലുവിളികളും നേരിടുകയാണ്. മാനേജ്‌മെന്റുകള്‍, കോടതി വിധികള്‍, എസ്എഫ്‌ഐ-എബിവിപി പോലുള്ള സംഘടനകളും വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പല ഘട്ടങ്ങളായി തടസ്സം നില്‍ക്കുകയാണ്''- പ്രവര്‍ത്തന റിപോര്‍ട്ടിന്റെ 13ാം പേജില്‍ പ്രാദേശിക ഘടകം എന്ന ഭാഗത്താണ് ഈ പരാമര്‍ശമുള്ളത്.

തങ്ങളുടെ രാഷ്ട്രീയം അംഗീകരിക്കാത്ത വിദ്യാര്‍ഥികളെ ഇടിമുറികളിലിട്ട് മര്‍ദിക്കുന്നവരുടെ പുരോഗമന വീക്ഷണം അംഗീകരിക്കാനാവില്ല. കാപസുകളില്‍ ഏകസംഘടനാവാദവും ഫാഷിസ്റ്റ് ശൈലികളും എതിര്‍ക്കപ്പെടുകതന്നെ വേണം. യൂനിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന വാദം വസ്തുതയല്ല. സംസ്ഥാനത്തെ പ്രമുഖ കോളജുകളിലെല്ലാം ഏകസംഘടനാവാദികളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി ആക്രമിച്ചതിന്റെ വിവരങ്ങള്‍ റിപോര്‍ട്ടിലുണ്ട്. കോട്ടയത്ത് സിഎംഎസ് കോളജില്‍ യൂനിറ്റ് രൂപീകരിച്ചതിന്റെ പേരില്‍ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത് എഐഎസ്എഫിന്റെ കോട്ടയം ജില്ലാ സെക്രട്ടറി നന്ദു ജോസഫിനെയാണ്. ഇതറിഞ്ഞെത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഋഷിരാജിനെയും സംസ്ഥാന കമ്മിറ്റി അംഗം ഷാജോയെയും എസ്എഫ്‌ഐ ക്രിമിനല്‍ സംഘം ആക്രമിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.



ആശയപരമായി നമ്മെ നേരിടാന്‍ കഴിയാത്ത എസ്എഫ്‌ഐ ക്രിമിനലുകള്‍ കായികപരമായി നമ്മെ അമര്‍ച്ച ചെയ്യാന്‍ നടത്തുന്ന ആസൂത്രിത നീക്കമാണിത്. എസ്എഫ്‌ഐക്കൊപ്പം ഡിവൈഎഫ്‌ഐയും ആക്രമണത്തിന് നേതൃത്വം കൊടുത്തുവെന്നും റിപോര്‍ട്ട് ആരോപിക്കുന്നു.

അധ്യാപകരുടെ കസേര കത്തിച്ചവരും ജീവിച്ചിരിക്കുന്ന പ്രിന്‍സിപ്പലിന് ശവകുടീരം ഒരുക്കിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉന്നതങ്ങളിലേക്ക് ഉയരുമ്പോള്‍ യൂനിവേഴ്‌സിറ്റി കോളജുകള്‍ ആവര്‍ത്തിക്കും. ഇടിമുറികളില്‍ വിദ്യാര്‍ഥികളുടെ നിലവിളിയും ഏകസംഘടനാവാദികളുടെ കൊലവിളിയും ഉയരും. കാംപസ് കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അധ്യാപകരുടെ എണ്ണം വളരെ കൂടുതലാണ്. ഇവര്‍ പുതുതലമുറയോട് ചെയ്യുന്നത് കൊടും പാതകമാണ്. പുസ്തകങ്ങള്‍ ചേര്‍ത്തുവെയ്‌ക്കേണ്ട കലാലയം ആയുധപ്പുരകളായി മാറരുത്. കാംപസുകള്‍ മലീമസമാക്കുന്നത് ഏകസംഘടനാവാദികളും വര്‍ഗീയ ഫഷിസ്റ്റ് സംഘടനകളുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെടെ സര്‍വകലാശാലകളില്‍ ക്രമക്കേടുകള്‍ക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കുന്നത് എസ്എഫ്‌ഐയാണെന്നും റിപോര്‍ട്ടില്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it