Kerala

എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപക നിയമനം: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ശമ്പളം നല്‍കാന്‍ സര്‍ക്കാരും നിയമനം നടത്താന്‍ മാനേജ്‌മെന്റും എന്ന രീതി ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നും ഈ നടപടി അവസാനിപ്പിക്കണമെന്നും സലിം ഹരജിയില്‍ ആവശ്യപ്പെട്ടു.

എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപക നിയമനം: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
X

കൊച്ചി: എയ്ഡഡ് സ്‌കൂള്‍, കോളജുകളിലെ അധ്യാപകരുടെ നിയമനം പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കൊല്ലം സ്വദേശി എം കെ സലീം നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കാനുള്ള ചുമതല പിഎസ്‌സിക്കു വിടണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും നിലവിലെ നിയമനരീതി മാറ്റാന്‍ തീരുമാനമില്ലെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അധ്യാപകരെ നിയമിക്കാനുള്ള ചുമതല സ്‌കൂള്‍ കോളജ് മാനേജര്‍മാര്‍ക്കാണെങ്കിലും സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പും കോളജ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് യുജിസിയുമാണ്. 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തില്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെ നിയമിക്കാനുള്ള ചുമതല സര്‍ക്കാറിനായിരുന്നു. 1960ല്‍ ഓര്‍ഡിനന്‍സിലൂടെയാണ് ഇതിന് മാറ്റം വരുത്തിയത്. ശമ്പളം നല്‍കാന്‍ സര്‍ക്കാരും നിയമനം നടത്താന്‍ മാനേജ്‌മെന്റും എന്ന രീതി ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നും ഈ നടപടി അവസാനിപ്പിക്കണമെന്നും സലിം ഹരജിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, എയ്ഡഡ് എന്ന തരംതിരിവില്ലാതെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.



Next Story

RELATED STORIES

Share it