Kerala

മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് സഭയുടെ നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ

ഏതെങ്കിലും വിഷയത്തില്‍ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉചിതമായ സമയത്ത് സഭയുടെ ഒദ്യോഗിക സംവിധാനങ്ങളിലുടെ അറിയിക്കും

മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് സഭയുടെ നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ
X

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാടല്ലെന്ന് സീറോ മലബാര്‍ സഭാ നേതൃത്വം വ്യക്തമാക്കി.രാഷ്ട്രീയ പാര്‍ടിയുടെ നേതാക്കള്‍ വിവിധ സാഹചര്യങ്ങളില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തുകയും ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്.ഇങ്ങനെ എത്തുന്നവരെ സഭാ അധ്യക്ഷന്‍ കേള്‍ക്കുകയും സഭയുടെ നിലപാടുകള്‍ അവരോട് വ്യക്തമാക്കാറുമുണ്ട്.

എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സഭയുടെയും സഭാ അധ്യക്ഷന്റെയും നിലപാടെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ നേതാക്കളുടെയോ അവരുടെ പാര്‍ടിയുടെയോ അഭിപ്രായം മാത്രമാണ്. അത് സഭയുടെയോ സഭാ അധ്യക്ഷന്റെയോ അല്ല.ഏതെങ്കിലും വിഷയത്തില്‍ സഭയുടെയോ സഭാ അധ്യക്ഷന്റെയോ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉചിതമായ സമയത്ത് സഭയുടെ ഒദ്യോഗിക സംവിധാനങ്ങളിലുടെ അറിയിക്കുമെന്നും സീറോ മലബാര്‍ സഭ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഫാ.എബ്രഹാം കാവില്‍പുരയിടത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it