Kerala

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വീഴ്ചകള്‍ മറികടക്കാനാവരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു.

മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതില്‍ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചാണ് ഹരജിയില്‍ വിധി പറയുക. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയത്.

അതിനിടെ, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന വിഐപിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിഐപിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയ കാര്യം വാര്‍ത്തയായതിന് പിറകെ ആ വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി മെഹബൂബ് രംഗത്തെത്തി.

Next Story

RELATED STORIES

Share it