Sub Lead

കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ച ജോജുവിന്റെ കാര്‍ അടിച്ചുതകര്‍ത്തു; നടന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് നേതാക്കള്‍

കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ച ജോജുവിന്റെ കാര്‍ അടിച്ചുതകര്‍ത്തു; നടന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് നേതാക്കള്‍
X

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സമരത്തിനെതിരേ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ കാറിന്റെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇടപ്പള്ളിവൈറ്റില ബൈപ്പാസിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വഴി തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരേ രോഷാകുലനായാണ് ജോജു പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ ഇവിടെനിന്നും പോവാന്‍ ശ്രമിക്കവെയാണ് ജോജുവിനെ സമരക്കാര്‍ തടയുകയും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തത്.

തുടര്‍ന്ന് പോലിസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്. അതേസമയം, ജോജു ജോര്‍ജ് മദ്യപിച്ചിരുന്നതായും മദ്യലഹരിയിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മദ്യപിച്ചെന്ന് അധിക്ഷേപിച്ചതാണ് പ്രതികരണത്തിന് ഇടയാക്കിയത്. സിനിമാ സ്‌റ്റൈലില്‍ ഷോ കാണിക്കുകയാണ് ചെയ്തത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്തു. മുന്‍കൂട്ടി പോലിസിനെയും അധികാരികളെയും അറിയിച്ചാണ് സമരം നടത്തിയത്.

ജോജു ജോര്‍ജിന്റെ വാഹനത്തില്‍ മദ്യക്കുപ്പികളുണ്ടായിരുന്നു. അത് പോലിസിന് കാട്ടിക്കൊടുത്തു. ജോജു ജോര്‍ജിനെതിരേ പരാതി നല്‍കും. വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ല. അത് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ ആരോ ചെയ്തതാണ്. വഴിപോക്കരാണ് വാഹനം തകര്‍ത്തതെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞു. ജോജുവിനെതിരേ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജോജുവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത പോലിസ്, ജോജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

താന്‍ മദ്യപിച്ചിട്ടില്ലെന്ന നിലപാടിലാണ് ജോജു. താന്‍ വിവാദത്തിനില്ല. തന്റെ പ്രതിഷേധത്തില്‍ രാഷ്ട്രീയമില്ലെന്നും ജോജു പറയുന്നു. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് കോണ്‍ഗ്രസ് ഉപരോധസമരം സംഘടിപ്പിച്ചത്. ഇന്ധനവില വര്‍ധനവിനെതിരെയായിരുന്നു സമരം. എന്നാല്‍, സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നടന്‍ ജോജു പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it