Kerala

815.64 കോടി കുടിശിക: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതത്തില്‍

33.39 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ തൊഴില്‍ കാര്‍ഡുള്ളത്. ഇതില്‍ 18.34 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ സജീവമാണ്.

815.64 കോടി കുടിശിക: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതത്തില്‍
X

തിരുവനന്തപുരം: കേരളത്തില്‍ ആറുമാസമായി തൊഴിലുറപ്പ് തൊഴിലാളികളുടെ കുലി കുടിശ്ശിക നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ കൂലി കുടിശിക പിന്നാക്ക ജില്ലകളിലെ തൊഴിലാളികളെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.

33.39 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ തൊഴില്‍ കാര്‍ഡുള്ളത്. ഇതില്‍ 18.34 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ സജീവമാണ്. സംസ്ഥാനത്തെ അംഗങ്ങളില്‍ 90 ശതമാനവും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ജൂലൈ മുതല്‍ ചെയ്ത ജോലിക്കുള്ള വേതനം കാത്തിരിക്കുകയാണ് ഇവര്‍. 815.64 കോടി രൂപയാണ് കുടിശിക. ഇതിനു പുറമെ വിദഗ്ധ തൊഴിലാളികളുടെ വേതനക്കുടിശികയായി 38 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ 114 കോടി രൂപയും കേരളത്തിനു കിട്ടാനുണ്ട്. ജൂലൈ 16നു ശേഷമുള്ള വേതനമാണ് ലഭിക്കാനുള്ളത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് വേതനം നല്‍കുക. തൊഴിലാളികളുടെ പൂര്‍ണമായ കണക്കുകള്‍ കൃത്യമായി 15 ദിവസത്തിനകം സമര്‍പ്പിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

സംസ്ഥാന സര്‍ക്കാര്‍ പലവട്ടം അഭ്യര്‍ഥിച്ചിട്ടും ഫണ്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. മറ്റു പല സംസ്ഥാനങ്ങള്‍ക്കും ഒക്ടോബറിലും നവംബറിലുമായി കുടിശിക നല്‍കിയപ്പോഴും കേരളത്തെമാത്രം അവഗണിക്കുകയായിരുന്നു.

വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ തൊഴില്‍ നല്‍കാനായില്ലെങ്കില്‍ 12 ശതമാനം നഷ്ടപരിഹാരവും വ്യവസ്ഥ ചെയ്യുന്നതും രാജ്യത്തെ 19 സംസ്ഥാനങ്ങളിലെ 12 കോടി 92 ലക്ഷം തൊഴിലാളിക്കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ളതുമായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയാണിത്. ഓരോ സാമ്പത്തിക വര്‍ഷവും ആവശ്യമായ തുക അനുവദിക്കാതിരിക്കുന്നതും അനുവദിക്കുന്ന തുകയില്‍ത്തന്നെ നല്ലൊരു ശതമാനം വഴിമാറിപ്പോകുന്നതുമാണ് കൂലി കുടിശികയാകുന്നതിന്റെ മുഖ്യ കാരണം. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 55,000 കോടിയില്‍ 10,000 ഇങ്ങനെ വഴിമാറി. ഒരു കോടി 28 ലക്ഷം പേര്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പദ്ധതി ഉപേക്ഷിച്ചതായാണ് കണക്ക്. കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ഹൈക്കോടതി ഇടപെടുകയും തൊഴിലാളികള്‍ പലവട്ടം സമരരംഗത്തിറങ്ങുകയും ചെയ്തിട്ടും തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും കൃത്യമായി കൂലിയോ, നഷ്ടപരിഹാരത്തോടു കൂടിയ കുടിശികയോ വിതരണം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

Next Story

RELATED STORIES

Share it