Kerala

കോട്ടയത്ത് കൊവിഡ് ബാധിതരില്‍ 2,050 പേര്‍ വീടുകളില്‍ ചികില്‍സയില്‍

കൊവിഡ് ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ക്കാണ് വീടുകളില്‍ മതിയായ സൗകര്യമുണ്ടെങ്കില്‍ ഹോം ഐസൊലേഷന് ആരോഗ്യവകുപ്പ് അനുമതി നല്‍കുന്നത്.

കോട്ടയത്ത് കൊവിഡ് ബാധിതരില്‍ 2,050 പേര്‍ വീടുകളില്‍ ചികില്‍സയില്‍
X

കോട്ടയം: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചശേഷം വീടുകളില്‍തന്നെ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആകെ രോഗികളുടെ 40 ശതമാനത്തിലേറെയായി. നിലവില്‍ ജില്ലയിലെ 4,999 രോഗികളില്‍ 2,050 പേരാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ക്കാണ് വീടുകളില്‍ മതിയായ സൗകര്യമുണ്ടെങ്കില്‍ ഹോം ഐസൊലേഷന് ആരോഗ്യവകുപ്പ് അനുമതി നല്‍കുന്നത്.

രോഗം സ്ഥിരീകരിച്ചശേഷം വകുപ്പില്‍നിന്ന് ബന്ധപ്പെടുമ്പോള്‍ വീടുകളില്‍ തുടരാന്‍ താത്പര്യമറിയിക്കുന്നവരുടെ ആരോഗ്യസ്ഥിതിയും സൗകര്യങ്ങളും വിലയിരുത്തിയശേഷം തൃപ്തികരമെങ്കില്‍ അനുമതി നല്‍കും. അടിയന്തരസാഹചര്യമുണ്ടായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിന് ആംബുലന്‍സ് എത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീടുകളില്‍ കഴിയാന്‍ അനുമതി നല്‍കില്ല. ഇവര്‍ക്കും മതിയായ സൗകര്യം ഇല്ലാത്തതുകൊണ്ടുമാത്രം വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കും ഇനി സ്വന്തം നാട്ടില്‍തന്നെയുള്ള ചികില്‍സാ കേന്ദ്രങ്ങളില്‍ താമസിക്കാം.

ഇതിനായി സ്റ്റെപ് ഡൗണ്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കുന്നതിന് ജില്ലാ കലക്ടര്‍ എം അഞ്ജന എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം 35 കേന്ദ്രങ്ങള്‍ സജ്ജമാക്കിവരികയാണ്. വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആദ്യത്തെ സ്റ്റെപ്ഡൗണ്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇത്തരം ചികില്‍സാകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം എല്ലാ ദിവസവും റൗണ്ട്‌സ് നടത്തും.

പരിശോധനയില്‍ നേരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ പ്രാഥമിക കൊവിഡ് ചികില്‍സാകേന്ദ്രങ്ങളി (സിഎഫ്എല്‍ടിസി)ലേക്കും വിദഗ്ധചികില്‍സ വേണ്ടവരെ ആശുപത്രിയിലേക്കും മാറ്റും. നിലവില്‍ ജില്ലയിലെ സിഎഫ്എല്‍ടിസികളില്‍ 4,783 കിടക്കളാണുള്ളത്. 1,590 രോഗികള്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നത്. അടുത്ത ഘട്ടത്തില്‍ തിരഞ്ഞെടുത്ത സിഎഫ്എല്‍ടിസികളില്‍ അധികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സെക്കന്‍ഡറി ചികില്‍സാകേന്ദ്രങ്ങളാക്കി (എസ്എല്‍ടിസി) മാറ്റും. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ള രോഗികളുടെ ചികില്‍സയ്ക്കായിരിക്കും ഈ സംവിധാനം പ്രയോജനപ്പെടുത്തുക. അടിയന്തര സാഹചര്യമുണ്ടായാല്‍ ഓക്‌സിജന്‍ നല്‍കുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഇത്തരം കേന്ദ്രങ്ങളിലുണ്ടാവും.

Next Story

RELATED STORIES

Share it