Kerala

പ്രളയത്തിൽ റോഡ് തകർന്നിട്ട് 2 വർഷം; തിരിഞ്ഞു നോക്കാതെ സർക്കാർ

റോഡിന്റെ ഒരു വശം തകർന്ന് വാഹനയാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് റോഡിന് 2019 ലെ ബജറ്റിൽ പണം നീക്കിവെച്ചിരുന്നു.

പ്രളയത്തിൽ റോഡ് തകർന്നിട്ട് 2 വർഷം; തിരിഞ്ഞു നോക്കാതെ സർക്കാർ
X

അരീക്കോട്: അരീക്കോട് ചാലിയാർ പാലത്തിന് സമീപത്തെ റോഡ് തകർന്നിട്ട് 2 വർഷമായിട്ടും സർക്കാർ തിരിഞ്ഞു നോക്കില്ലെന്ന് പരാതി. അരീക്കോട് വെസ്റ്റ് പത്തനാപുരം വിളയംകണ്ടം റോഡാണ് അപകട ഭീഷണിയിൽ നിൽക്കുന്നത്. 2018 ലെ പ്രളയത്തിലാണ് ചാലിയാറിലേക്ക് ചേർന്ന റോഡിന്റെ ഒരു വശം തകർന്നത്.

റോഡിന്റെ ഒരു വശം തകർന്ന് വാഹനയാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് റോഡിന് 2019 ലെ ബജറ്റിൽ പണം നീക്കിവെച്ചിരുന്നു. റോഡിന്റെ പുനരുദ്ധാരണത്തിനും സൈഡ് കെട്ടുന്നതിനുമായി ഒന്നര കോടി രൂപയാണ് 2019 ലെ ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇക്കാര്യം വകുപ്പ് മന്ത്രി സ്ഥലം എംഎൽഎ പികെ ബഷീറിന് സബ്മിഷനിലൂടെ നിയമസഭയിൽ മറുപടിയും നൽകിയതാണ്. അത് വിനിയോഗിക്കാൻ ബന്ധപ്പെട്ടവർ ഇതുവരെ തയാറായിട്ടില്ല.

2019ലെ കാല വർഷം ആരംഭിക്കും മുമ്പ് തന്നെ റോഡ് നന്നാക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ റോഡിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി 2019 ലെ വെള്ളത്തിൽ ചാലിയാറിലേക്ക് ഒലിച്ച് പോയതോടെ റോഡിലൂടെയുള്ള സഞ്ചാരം തീർത്തും അപകടത്തിലായിരിക്കുകയാണ്. ഇരുന്നൂറ് മീറ്റർ നീളത്തിലാണ് റോഡിന്റെ ഒരുവശം ചാലിയാറിലേക്ക് ചേർന്നത്. ടാറിംഗ് ഭാഗങ്ങളടക്കം ചാലിയാറിൽ പതിച്ചിട്ടുണ്ട്.

റോഡിന്റെ നിർമാണ ചുമതല കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിനാണ്. സൈഡ് കെട്ടിന് ഭീമമായ സംഖ്യ വരുമെന്നും അത്തരം ഫണ്ടുകൾ പഞ്ചായത്തിന് ചിലവഴിക്കാൻ സാധിക്കുകയില്ലന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. പുഴയുടെ സംരക്ഷണം പുഴ സംരക്ഷണ സമിതിക്കാണെന്നും അതിനാൽ റിവർ മാനേജ്മെൻറ് ഫണ്ട് ഉപയോഗിച്ച് കെട്ടി ഉയർത്തണമെന്നും അഭിപ്രായമുയർന്നിരുന്നു. ഇതിനുപിന്നാലെ ജലസേചന വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് റോഡിന്റെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.

ഇരുന്നൂറോളം കുടുംബങ്ങളാണ് വെസ്റ്റ് പത്തനാപുരത്ത് ഉള്ളത്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇത് വഴി പോകുന്നത്. ഇവിടേക്കുള്ള വലിയ വാഹനങ്ങൾ മറ്റു വഴിയിലൂടെയാണ് എത്തുന്നത്. ചാലിയാറിൽ പ്രളയത്തിന്റെ ഭാഗമായി ജലനിരപ്പുയർന്നാൽ റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി തകരും. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് എംഐ ഷാനവാസ് എംപി സ്ഥലം സ്ഥലം സന്ദർശിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാഹുൽ ഗാന്ധി എംപിക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Next Story

RELATED STORIES

Share it