Kerala

മാധ്യമങ്ങള്‍ നേരിടുന്നത് വിശ്വാസ്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങള്‍: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ സമീപകാലത്തു നടന്ന കലാപം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ പലരേയും അനാവശ്യമായ നിയമക്കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ്.ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തകന്‍ യുപിയില്‍ തടങ്കലിലാണ്. എന്നാല്‍ ഇത്തരം കാതലായ പ്രശ്നങ്ങളെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

മാധ്യമങ്ങള്‍ നേരിടുന്നത് വിശ്വാസ്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങള്‍: മുഖ്യമന്ത്രി
X

കൊച്ചി: ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒരേസമയം അവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള രണ്ട് ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ദേശീയ പത്രവാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമ ധര്‍മ്മം കൈവെടിഞ്ഞ് പ്രത്യേക ലക്ഷ്യത്തോടെ കെട്ടുകഥകള്‍ക്ക് സമാനമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വഴി ഉണ്ടാകുന്ന വിശ്വാസ്യതാനഷ്ടം ഒരുഭാഗത്ത് മാധ്യമങ്ങളെ ഗ്രസിക്കുമ്പോള്‍ ഭീഷണികളിലൂടേയും പ്രലോഭനങ്ങളിലൂടെയും മാധ്യമങ്ങള്‍ക്ക് സംഘടിതശക്തികള്‍ കൂച്ചുവിലങ്ങിടുന്ന അസാധാരണസ്ഥിതിവിശേഷവും നിലനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ സമീപകാലത്തു നടന്ന കലാപം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ പലരേയും അനാവശ്യമായ നിയമക്കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ്. ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തകന്‍ യു.പിയില്‍ തടങ്കലിലാണ്. എന്നാല്‍ ഇത്തരം കാതലായ പ്രശ്നങ്ങളെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.മാധ്യമപ്രവര്‍ത്തനമെന്നത് കേവലമൊരു വ്യവസായമോ ഉപജീവനമാര്‍ഗമോ അല്ല. സാമൂഹ്യപ്രതിബദ്ധതയില്ലാതെയുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത എത്രനാള്‍ സൂക്ഷിക്കാനാവും എന്നതാണ് ഇന്നത്തെ മാധ്യമങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്നം. ലക്ഷങ്ങളുടെ കണക്കുപറയുന്ന പ്രചാരത്തിനും ടിആര്‍പി റേറ്റിനും അപ്പുറത്ത് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന ജനകീയ പ്രശ്നങ്ങള്‍ ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്യുമ്പോള്‍ മാത്രമേ മാധ്യമങ്ങള്‍ സമൂഹത്തോടുള്ള അവരുടെ ധര്‍മ്മം നിറവേറ്റുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരേലക്ഷ്യത്തോടെ ഒന്നിലധികം മാധ്യമങ്ങള്‍ ഒരേവിധത്തില്‍ വാര്‍ത്തകള്‍ ചമക്കുന്ന സ്ഥിതിവിശേഷം നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ മാധ്യമങ്ങള്‍ അവരുടെ യജമാനന്‍മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നത് യഥാര്‍ഥമാധ്യമപ്രവര്‍ത്തനമാണോയെന്നും അതില്‍ സാമൂഹ്യപ്രതിബദ്ധതയുടെ ഒരംശമെങ്കിലും ഉണ്ടോയെന്നതും ജനങ്ങള്‍ തിരിച്ചറിയും.മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച മാധ്യമ സമൂഹത്തിലെ ചിലരുടെ ഇരട്ടത്താപ്പുകള്‍ തിരിച്ചറിയപ്പെടണം. ഒരു ജേര്‍ണലിസ്റ്റ് എങ്ങനെയാകണം എന്നതിന് മാതൃകയായി ഹാരള്‍ഡ് ഇവാന്‍സ്, മാര്‍കേസ് തുടങ്ങി നിരവധി പേരുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നെ പത്രങ്ങള്‍ കടലാസ് മാത്രമാവുമെന്ന സത്യം തിരിച്ചറിഞ്ഞ് പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭയപ്പെട്ടു കഴിയുന്ന മാധ്യമങ്ങളെക്കൊണ്ട് ജനങ്ങള്‍ക്ക് ഒരുപകാരവുമില്ലെന്ന് ദേശീയ പത്രദിന പ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കം അടിയന്തരാവസ്ഥകാലത്തെ സെന്‍സര്‍ഷിപ്പിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം ലീലാവതി അനുഗ്രഹപ്രഭാഷണം നടത്തി. അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി ഇ എസ്. സുഭാഷ്, അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, അധ്യാപകരായ കെ ഹേമലത, കെ അജിത്, വി ജെ വിനീത സംസാരിച്ചു.

Next Story

RELATED STORIES

Share it