Kerala

സാരി ഉപയോഗ ശൂന്യമാക്കി; ഡ്രൈക്ലീനിംങ് സ്ഥാപന ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിനി നിതീന ബാബു നല്‍കിയ പരാതിയിലാണ് സില്‍ക്ക് സാരിയുടെ വിലയായ 7,500 രൂപയും 2000 രൂപ നഷ്ടപരിഹാരവും ആയിരം രൂപ കോടതി ചെലവും എതിര്‍ കക്ഷിയായ ഡ്രൈക്ലീനര്‍ ലോണ്‍ട്രി ആന്റ് അയേണിങ് എന്ന സ്ഥാപനം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്

സാരി ഉപയോഗ ശൂന്യമാക്കി; ഡ്രൈക്ലീനിംങ് സ്ഥാപന ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
X

കൊച്ചി:ഡ്രൈക്ലീനിങ്ങിനായി നല്‍കിയ സില്‍ക്ക് സാരി ഉപയോഗ ശൂന്യമാക്കിയതിന് സ്ഥാപന ഉടമ സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിച്ചു.എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിനി നിതീന ബാബു നല്‍കിയ പരാതിയിലാണ് സില്‍ക്ക് സാരിയുടെ വിലയായ 7,500 രൂപയും 2000 രൂപ നഷ്ടപരിഹാരവും ആയിരം രൂപ കോടതി ചെലവും എതിര്‍ കക്ഷിയായ ഡ്രൈക്ലീനര്‍ ലോണ്‍ട്രി ആന്റ് അയേണിങ് എന്ന സ്ഥാപനം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.

പരാതിക്കാരിയുടെ വിവാഹ വാര്‍ഷികത്തിന് മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ സില്‍ക്ക് സാരി ഡ്രൈക്ലീനിംങ് സ്ഥാപന അധികൃതരുടെ അശ്രദ്ധ മൂലം ഉപയോഗിക്കാന്‍ കഴിയാത്തതായെന്നാണ് പരാതി.സാരി ഉപോയഗിക്കാന്‍ കഴിയാത്തവിധം നശിച്ചതു സംബന്ധിച്ച് പരാതിക്കാരി ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സ്ഥാപന ഉടമ കയര്‍ത്ത് സംസാരിക്കുകയായിരുന്നു.തുടര്‍ന്ന് വീണ്ടും സംസാരിക്കാന്‍ ഉടമ തയ്യാറായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.പിന്നീട് അഭിഭാഷകന്‍ മുഖേന പരാതിക്കാരി നോട്ടീസ് അയച്ചു.നോട്ടീസ് കൈപ്പറ്റിയെങ്കിലും മറുപടി നല്‍കിയില്ല.തുടര്‍ന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ച് ആക്ഷേപം ബോധിപ്പിക്കാന്‍ അവസരം നല്‍കിയെങ്കിലും ഇവര്‍ ഹാജരായില്ല.പിന്നീട് കേസ് പരിഗണിച്ച സമയങ്ങളിലും പരാതിക്കാരിയുടെ അഭിഭാഷകന്‍ ഹാജരായെങ്കിലും എതിര്‍ കക്ഷി ഹാജരാകുകയോ ആക്ഷേപം ബോധിപ്പിക്കുകയോ ചെയ്തില്ല.തുടര്‍ന്ന് പരാതിക്കാരിയോട് തെളിവ് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം പരാതിക്കാരിക്കുവേണ്ടി അഭിഭാഷകന്‍ ഹാജരായി തെളിവ് സത്യവാങ്മൂലം സമര്‍പ്പിച്ചു.തുടര്‍ന്നാണ് പരാതിക്കാരിക്ക് സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിച്ചത്.

സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും 9% പലിശ സഹിതംഎതിര്‍കക്ഷി 30 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

Next Story

RELATED STORIES

Share it