Kerala

സമരക്കാര്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിക്കുന്നത് അപലപനീയം

സ്വന്തം ധാര്‍ഷ്ട്യം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല വികസനം. അതിനായുള്ള മാന്‍ഡേറ്റായി തുടര്‍ ഭരണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കാക്കുന്നത് മൗഢ്യമാണെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എറണാകുളം കച്ചേരിപ്പടി ഗാന്ധിസ്‌ക്വയറില്‍ നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമാ നടനും സംവിധായകനുമായ ആദം അയൂബ് വ്യക്തമാക്കി

സമരക്കാര്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിക്കുന്നത് അപലപനീയം
X

കൊച്ചി: വ്യക്തമായധാരണകളൊന്നുമില്ലാതെയും കേന്ദ്രസര്‍ക്കാര്‍ അനുമതിപോലും ലഭിക്കാതെയുമുള്ള സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ കുട്ടികളെന്നോ സ്ത്രീകളെന്നോ പരിഗണിക്കാതെ മൂന്നാംമുറപ്രയോഗിച്ച പോലിസ് നടപടി തീര്‍ത്തും കിരാതമാണെന്ന് സിനിമാ നടനും സംവിധായകനുമായ ആദം അയൂബ്. ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എറണാകുളം കച്ചേരിപ്പടി ഗാന്ധിസ്‌ക്വയറില്‍ നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം


സ്വന്തം ധാര്‍ഷ്ട്യം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല വികസനം. അതിനായുള്ള മാന്‍ഡേറ്റായി തുടര്‍ ഭരണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കാക്കുന്നത് മൗഢ്യമാണെന്നും ആദം അയൂബ് പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രഫ. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് മുഖ്യപ്രഭാഷണം നടത്തി. കെ റെയില്‍ പദ്ധതി നടപ്പിലാക്കുവാന്‍ പൗരപ്രമുഖരുടെ യോഗങ്ങളില്‍ പിന്തുണ ലഭിച്ചെന്നുപറയുന്ന മുഖ്യമന്ത്രി ഇരയാക്കപ്പെടുന്ന ഇരുപതിനായിരത്തോളം കുടുംബങ്ങളുടെ വികാരം മനസ്സിലാക്കുവാന്‍ ശ്രമിക്കാത്തതെന്താണെന്ന് വ്യക്തമാകുന്നില്ലെന്ന് പ്രഫ. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് പറഞ്ഞു.

വേഗതയാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന കാഴ്ചപ്പാട് 19ാം നൂറ്റാണ്ടിലേതാണെന്നും ഈ ഡിജിറ്റല്‍യുഗത്തില്‍ എല്ലാക്കാര്യങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്നത് അദ്ദേഹമെന്താണ് മറന്നുപോകുന്നതെന്നും പ്രഫ. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് പറഞ്ഞു.ഇത്രയും വിപുലമായ ഒരുപദ്ധതി നടപ്പിലാക്കുമ്പോള്‍ അത് ജനഹിതത്തിന് തീര്‍ത്തും എതിരായാലും നടപ്പിലാക്കിയേ അടങ്ങൂ എന്ന് നിര്‍ബന്ധം പിടിക്കുന്നതിനെ ഫാസിസ്റ്റ് നിലപാടായേ വ്യാഖ്യാനിക്കാനാകൂ. വീട്ടുമുറ്റത്തും അടുപ്പനകത്തുംവരെ കല്ലുകള്‍ സ്ഥാപിച്ച് തങ്ങളുടെ കിടപ്പാടം പിടിച്ചെടുക്കുവാന്‍ ഒരുങ്ങുന്നവര്‍ക്കെതിരെ കുടുംബങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കുക സ്വാഭാവികമാണ്.

പ്രതിഷേധിക്കുന്നിടത്തു അമ്മയെ പോലിസ് ആക്രമിക്കുന്നത് കാണുന്ന കുട്ടികള്‍ ഓടിയെത്തുമ്പോള്‍ അവരോടും ദയകാണിക്കാത്ത പോലിസ് ചില അജണ്ടകള്‍ നടപ്പിലാക്കുവാന്‍ തുനിഞ്ഞിറങ്ങിയതാണെന്നു സംശയിക്കേണ്ടതുണ്ട്. വികസനത്തിന്റെ പേരുപറഞ്ഞു ഇല്ലായ്മക്കാരെ തല്ലിയൊതുക്കാനല്ല ജനങ്ങള്‍ എല്‍ ഡി എഫ് നു വീണ്ടും അധികാരത്തിലേറാനുള്ള മാന്‍ഡേറ്റ് കൊടുത്തതെന്നും ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാണിച്ചു. ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് കാട്ടുനിലത്ത്, സി എ പരീത്, വി എം മൈക്കിള്‍, ലോനപ്പന്‍ കോനുപറമ്പില്‍ പി എ പ്രേംബാബു,സിസ്റ്റര്‍ അഡ്വ. ടീനജോസ്, ജലജ ആചാര്യ കെ ഡി മാര്‍ട്ടിന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it