Kerala

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കണം;കര്‍ശന നിര്‍ദ്ദേശവുമായി വത്തിക്കാന്‍

ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ മുഴുവനായി അനിശ്ചിതകാലത്തേക്ക് ഒഴിവ് നല്‍കിയത് നിര്‍ബന്ധമായും പിന്‍വലിക്കണമെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന് വത്തിക്കാന്റെ നിര്‍ദ്ദേശം

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കണം;കര്‍ശന നിര്‍ദ്ദേശവുമായി വത്തിക്കാന്‍
X

കൊച്ചി: സീറോ മലബാര്‍ സഭ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ മുഴുവനായി അനിശ്ചിതകാലത്തേക്ക് ഒഴിവ് നല്‍കിയത് നിര്‍ബന്ധമായും പിന്‍വലിക്കണമെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന് വത്തിക്കാന്റെ നിര്‍ദ്ദേശം.368ാം നമ്പര്‍ കാനന്‍ നിയമത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വൈദികകടമകള്‍ക്ക് യാതൊരുവിധത്തിലും അനുയോജ്യമല്ലാത്ത പ്രതിഷേധപ്രകടനങ്ങളില്‍ നിന്നും ആക്ടിവിസത്തില്‍ നിന്നും വളരെ വ്യക്തമായ രീതിയില്‍ത്തന്നെ മെത്രാന്മാര്‍ അകലം പാലിക്കണം.

മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയുടെ വികാരിയാണ് ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍.കാനന്‍ നിയമമനുസരിച്ച് രൂപതാമെത്രാനടുത്ത അധികാരത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് നടപ്പിലാക്കിയ സൂനഹോദോസ് തീരുമാനങ്ങളെ അതിലംഘിക്കാന്‍ ആന്റണി കരിയില്‍ മെത്രാന് നല്‍കപ്പെട്ടിരിക്കുന്ന അധികാരമുപയോഗിച്ച് സാധിക്കുകയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിരൂപതക്കുള്ളില്‍ ഏതെങ്കിലും പ്രത്യേക കാരണത്താല്‍ ഒഴിവിനായി അപേക്ഷ നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍, അക്കാര്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയുടെ അംഗീകാരത്തോടെ മാത്രമേ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്റണി കരിയില്‍ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്നും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിനഡ് അംഗീകാരം നല്‍കിയ ആരാധനാക്രമരൂപം നടപ്പിലാക്കുന്ന വൈദികരെ തടയുകയല്ല, പ്രോല്‍സാഹിപ്പിക്കുകയാണ് ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ ചെയ്യേണ്ടത്. സിനഡല്‍ ഫോര്‍മുലയനുസരിച്ച് കുര്‍ബാനയര്‍പ്പിക്കാന്‍ വരുന്ന മെത്രാന്മാരെ സ്വാഗതം ചെയ്യാന്‍ എല്ലാ വൈദികര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും വേണം. കുര്‍ബാനക്ക് സിനഡ് അംഗീകാരം നല്‍കിയ ടെക്സ്റ്റാണ് ഉപയോഗിക്കുന്നത് എന്നതും ആരാധനാക്രമത്തിന്റെ നിര്‍ദ്ദിഷ്ടഭാഗങ്ങളില്‍ ബേമ ഉപയോഗിക്കുന്നുണ്ട് എന്നതും ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ ഉറപ്പു വരുത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

സിനഡ് തീരുമാനത്തെ അംഗീകരിക്കുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ടുകളുണ്ട് എന്നത് മനസ്സിലാക്കുന്നു. എങ്കിലും മരണം വരെയുള്ള നിരാഹാരം പോലുള്ള അക്രൈസ്തവും സഭാവിരുദ്ധവുമായ പ്രതിഷേധരീതികളും പ്രകടനങ്ങളും ഒഴിവാക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. മിശിഹായുടെ പ്രതിപുരുഷന്മാരെന്ന നിലയില്‍ തങ്ങളുടെ മെത്രാന്മാരെ അനുസരിക്കുകയും അവരോട് ആദരവ് കാണിക്കുകയും ചെയ്യേണ്ട വൈദികര്‍ തങ്ങളുടെ വൈദിക പട്ടം സ്വീകരണദിവസം ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ട്, പൊതു നന്മയെപ്രതി നിര്‍ബന്ധമായും സഭാധികാരികളോട് സഹകരിക്കേണ്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it