Kerala

ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്
X

ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ വെള്ളം കയറിയ റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വെള്ളക്കെട്ടിലൂടെ അശ്രദ്ധമായി ബസ്സോടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെ നേരത്തെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തിരുന്നു.

പിന്നാലെ കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരേ നവമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഇദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പും നടപടി തുടങ്ങിയിരുന്നു. ഇതിന് മുന്നോടിയായി ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെയാണ് കോര്‍പറേഷന്റെ പരാതിയില്‍ പോലിസ് കേസും രജിസ്റ്റര്‍ ചെയ്തത്. താന്‍ ആളുകളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ തെറ്റാണെന്നുമാണ് ജയദീപ് പറയുന്നത്.

എന്നാല്‍, ഡ്രൈവറുടെ വാദങ്ങളെല്ലാം തള്ളിയ കോര്‍പറേഷന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസ്സിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ക്കെതിരായ നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്.

Next Story

RELATED STORIES

Share it