India

'നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ'? എങ്കില്‍ സഹായിക്കാം; ബലാല്‍സംഗക്കേസിലെ പ്രതിയോട് സുപ്രിംകോടതി

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമപ്രകാരം പോലിസ് കേസെടുത്തിരുന്നത്. ഇതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതിഭാഗം അഭിഭാഷകനോട് വിചിത്രമായ ചോദ്യങ്ങളുന്നയിച്ചത്.

നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ? എങ്കില്‍ സഹായിക്കാം; ബലാല്‍സംഗക്കേസിലെ പ്രതിയോട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസിലെ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയെത്തിയ പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന് ചോദ്യമുന്നയിച്ച് സുപ്രിംകോടതി. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമപ്രകാരം പോലിസ് കേസെടുത്തിരുന്നത്. ഇതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതിഭാഗം അഭിഭാഷകനോട് വിചിത്രമായ ചോദ്യങ്ങളുന്നയിച്ചത്.

'നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ?' എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. തന്റെ കക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഈ കേസില്‍ അറസ്റ്റുണ്ടായാല്‍ ജോലി നഷ്ടപ്പെടുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സഹായിക്കാനാവും. ഇല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ട് നിങ്ങള്‍ക്ക് ജയിലില്‍ പോവാം. പ്രതി പെണ്‍കുട്ടിയെ വശീകരിച്ചു, ബലാല്‍സംഗം ചെയ്തു- ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് പറഞ്ഞു. പോലിസില്‍ പരാതി നല്‍കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തന്റെ മാതാവ് അറിയിച്ചിരുന്നതാണെന്ന് പ്രതി കോടതിയെ അറിയിച്ചു.

എന്നാല്‍, പെണ്‍കുട്ടി ഇത് നിരസിച്ചു. 18 വയസ് തികയുമ്പോള്‍ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒരു രേഖയുണ്ടാക്കി. ഇതെത്തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ താന്‍ വിസമ്മതിച്ചത്. ഇതിന്റെ പേരിലാണ് തനിക്കെതിരേ പോലിസില്‍ പരാതി നല്‍കിയതെന്ന് ചവാന്‍ വാദിച്ചു. കേസിന്റെ പേരില്‍ തന്റെ കക്ഷിക്ക് സര്‍ക്കാര്‍ ജോലി നഷ്ടമാവുമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന കാര്യം പെണ്‍കുട്ടിയെ വശീകരിച്ച് ബലാല്‍സംഗം ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ചിന്തിക്കണമായിരുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളെ അറിയിക്കുക. അല്ലാത്തപക്ഷം ഞങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് നിങ്ങള്‍ പറയും- എസ് എ ബോബ്‌ഡെ കൂട്ടിച്ചേര്‍ത്തു.കക്ഷിയുമായി ആലോചിച്ച ശേഷം മറുപടി നല്‍കാമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകന്റെ വിശദീകരണം. തുടക്കത്തില്‍ എനിക്ക് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവള്‍ വിസമ്മതിച്ചു. ഇപ്പോള്‍ താന്‍ വിവാഹിതനായതിനാല്‍ എനിക്ക് അതിന് കഴിയില്ലെന്നും പ്രതി സുപ്രിംകോടതിയെ അറിയിച്ചു. വിചാരണ തുടരുകയാണ്. കുറ്റപത്രം ഇനിയും തയ്യാറാക്കിയിട്ടില്ല.

ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എന്നെ അറസ്റ്റുചെയ്താല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടും- ചവാന്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഈ അവസരം നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നാലാഴ്ച ഞങ്ങള്‍ അറസ്റ്റ് തടയും. പിന്നെ നിങ്ങള്‍ സ്ഥിരജാമ്യത്തിനായി അപേക്ഷിക്കുകയെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. വിചാരണക്കോടതി ചവാന് അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. നേരത്തെയും ബലാല്‍സംഗക്കേസില്‍ സമാനമായ രീതിയില്‍ സുപ്രിംകോടതിയില്‍നിന്ന് ഇടപെടലുണ്ടായിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ പഞ്ചാബില്‍നിന്നുള്ള പ്രതിയെ ആറുമാസത്തിനുള്ളില്‍ യുവതിയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ സുപ്രിംകോടതി കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.

Next Story

RELATED STORIES

Share it