India

വി കെ ശശികല ജയില്‍മോചിതയായി; ബംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സ തുടരും

ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തുന്നതടക്കം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് മോചന ഉത്തരവ് ജയില്‍ അധികൃതര്‍ ശശികലയ്ക്ക് കൈമാറി.

വി കെ ശശികല ജയില്‍മോചിതയായി; ബംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സ തുടരും
X

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കെ ജയലളിതയുടെ തോഴിയുമായ വി കെ ശശികല ജയില്‍മോചിതയായി. എന്നാല്‍, കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ള ശശികല ബംഗളൂരുവില്‍ തുടരും. ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തുന്നതടക്കം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് മോചന ഉത്തരവ് ജയില്‍ അധികൃതര്‍ ശശികലയ്ക്ക് കൈമാറി.

കൊവിഡ് പോസിറ്റീവ് ആയതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശശികലയെ ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റും. കൊവിഡ് ചികില്‍സ പൂര്‍ത്തിയായാല്‍ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. അനധികൃത സ്വത്തുസമ്പാദന കേസില്‍ ശശികലയുടെ നാലുവര്‍ഷത്തെ ശിക്ഷാകാലാവധി ഇന്നാണ് പൂര്‍ത്തിയായത്. നാലോ അഞ്ചോ ദിവസംകൂടി അവര്‍ വിക്ടോറിയ ആശുപത്രിയില്‍ തുടരുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

ശശികല ജയില്‍ മോചിതയാവുന്ന വിവരമറിഞ്ഞ് ആശുപത്രിക്ക് പുറത്ത് നിരവധി അണികള്‍ ആണ് തടിച്ചുകൂടിയത്. 2017 ലാണ് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലടക്കയ്ക്കപ്പെട്ടത്. ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി. ബംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ഈ മാസം 20 നാണ് ശശികലയ്ക്കു കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂര്‍ഛിച്ചതോടെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it