Sub Lead

ധ്രുവ് റാഠിയുടെ വീഡിയോ; തനിക്കെതിരെ അധിക്ഷേപവും വധഭീഷണിയും: സ്വാതി മലിവാള്‍

ധ്രുവ് റാഠിയുടെ വീഡിയോ; തനിക്കെതിരെ അധിക്ഷേപവും വധഭീഷണിയും: സ്വാതി മലിവാള്‍
X

ന്യൂഡല്‍ഹി: പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സംഗഭീഷണിയും വധഭീഷണിയും ലഭിക്കുന്നതായി രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. തന്നെ സ്വഭാവഹത്യ ചെയ്തതിന് പിന്നാലെ പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വധഭീഷണിയുണ്ടെന്നും സ്വാതി എക്‌സില്‍ കുറിച്ചു.

താന്‍ സമര്‍പ്പിച്ചിട്ടുള്ള പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നതെന്ന് വ്യക്തമാണ്. എന്നാല്‍, ധ്രുവ് റാഠിയുടെയടുത്ത് തന്റെ ഭാഗം പറയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കോളുകളും സന്ദേശങ്ങളും അദ്ദേഹം അവഗണിക്കുകയായിരുന്നു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെപ്പോലുള്ളവര്‍ മറ്റ് ആം ആദ്മി പാര്‍ട്ടി വക്താക്കളെപ്പോലെ പ്രവര്‍ത്തിക്കുന്നത് ലജ്ജാകരമാണ്. അധിക്ഷേപങ്ങളും ഭീഷണിയുമുണ്ടാകുന്ന തരത്തില്‍ ഇരയായ തന്നെ അപമാനിച്ചുവെന്നും സ്വാതി എക്‌സില്‍ കുറിച്ചു.

തനിക്കെതിരായ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ധ്രുവ് പരാമര്‍ശിക്കാതിരുന്ന ചില വശങ്ങളും സ്വാതി ചൂണ്ടിക്കാട്ടി. അക്രമം നടന്നുവെന്ന് പാര്‍ട്ടി ആദ്യം അംഗീകരിച്ചെങ്കിലും പിന്നീട് അവര്‍ നിലപാട് മാറ്റുകയായിരുന്നു. അക്രമം മൂലമുള്ള മുറിവുകള്‍ വെളിപ്പെടുത്തുന്ന എം.എല്‍.സി റിപ്പോര്‍ട്ട് വീഡിയോയുടെ തിരഞ്ഞെടുത്ത ഭാഗം മാത്രം പുറത്തുവിട്ടതിന് ശേഷം മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു.

പ്രതിയെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തെങ്കിലും വീണ്ടും അതേ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചു. ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നോ. വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് സ്വീകരിച്ച മണിപ്പുരടക്കം ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീയെ എങ്ങിനെയാണ് ബി.ജെ.പിക്ക് വിലയ്ക്കുവാങ്ങാനാകുന്നതെന്നും അവര്‍ ചോദിച്ചു.

മേയ് 13-ന് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി. കെജ്രിവാളിന്റെ ഡ്രോയിങ് റൂമിലിരുന്നപ്പോള്‍ ബിഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്വാതി മലിവാളിന്റെ പരാതിയില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ബിഭവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമുണ്ടായിരുന്നു.






Next Story

RELATED STORIES

Share it