India

യുപി സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫിസുകളിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം

യുപി സെക്രട്ടേറിയറ്റായ വിധാന്‍ ഭവനും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവോടെ വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിനും അനുബന്ധ ഓഫിസുകളിലുമെത്തുന്നവര്‍ ദുരിതത്തിലാവുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.

യുപി സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫിസുകളിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് വിധാന്‍ ഭവനിലും സെക്രട്ടേറിയറ്റ് അനുബന്ധ കെട്ടിടങ്ങളിലും ഓഫിസുകളിലും നിയമസഭാ മന്ദിരത്തിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടു. യുപി സെക്രട്ടേറിയറ്റായ വിധാന്‍ ഭവനും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവോടെ വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിനും അനുബന്ധ ഓഫിസുകളിലുമെത്തുന്നവര്‍ ദുരിതത്തിലാവുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.

ഭരണ ഓഫിസുകളില്‍ പുറത്തുനിന്ന് ആരും അനുമതിയില്ലാതെ പ്രവേശിക്കരുത്. ഓഫിസര്‍മാരോ സ്റ്റാഫുകളോ അല്ലാതെ മറ്റാരും ഈ മേഖലകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. സന്ദര്‍ശകര്‍ സര്‍ക്കാര്‍ ഓഫിസ് കെട്ടിടത്തിന് അകത്തേക്ക് മൊബൈല്‍ഫോണുകള്‍ കൊണ്ടുവരരുത്. സെക്രട്ടേറിയറ്റിലും അനുബന്ധ ഓഫിസുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. സെക്രട്ടേറിയറ്റിലെ ഭരണവിഭാഗവുമായി നടത്തിയ അവലോകന യോഗത്തിനുശേഷമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. മന്ത്രിസഭായോഗം ഉള്‍പ്പെടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു യോഗങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസിരാകേന്ദ്രങ്ങളിലും മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ യോഗങ്ങള്‍ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് പുറത്ത് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഏല്‍പിച്ച ശേഷമേ അകത്ത് കയറാവൂ എന്നാണ് ആദിത്യനാഥിന്റെ നിര്‍ദേശം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പുകള്‍ കൊണ്ടുവരുന്ന ഓഫിസ് അസിസ്റ്റന്റുമാരും മൊബൈല്‍ ഫോണുകള്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറ്റരുത്. ഇനി ഓഫിസര്‍മാരും സ്റ്റാഫുകളും യോഗങ്ങള്‍ക്കെത്തുമ്പോള്‍ കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് മുന്നിലെ കൗണ്ടറില്‍ ഫോണുകള്‍ ഏല്‍പിക്കണം. പകരം ടോക്കണുകള്‍ നല്‍കും. തിരികെ പോവുമ്പോള്‍ ടോക്കണ്‍ നല്‍കി ഫോണ്‍ തിരികെ വാങ്ങാം. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ മന്ത്രിമാരുള്‍പ്പടെ വാട്‌സ് ആപ്പുകള്‍ ഉപയോഗിക്കുന്നതായി മാധ്യമറിപോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യോഗിയുടെ പുതിയ ഭരണപരിഷ്‌കാരം.

Next Story

RELATED STORIES

Share it