Big stories

ഉന്നാവോ അപകടം: പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു

ഉത്തര്‍പ്രദേശിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ട്രോമാ സെന്ററിലാണ് പെണ്‍കുട്ടി ഇപ്പോള്‍ കഴിയുന്നത്. അപകടം നടന്ന് മൂന്നാം ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഉന്നാവോ അപകടം: പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു
X

ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട ഉന്നാവോ ബലാല്‍സംഗക്കേസിലെ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. ഉത്തര്‍പ്രദേശിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ട്രോമാ സെന്ററിലാണ് പെണ്‍കുട്ടി ഇപ്പോള്‍ കഴിയുന്നത്. അപകടം നടന്ന് മൂന്നാം ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടുത്ത 48 മണിക്കൂര്‍ അതീവഗുരുതരമാണെന്നാണ് ഡോക്ടര്‍ അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ അഭിഭാഷകനായ മഹേന്ദ്രസിങ്ങും മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലാണ്.

പെണ്‍കുട്ടിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും ശ്വാസകോശത്തില്‍ രക്തസ്രാവമുള്ളതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്ററില്‍തന്നെയാണ് കഴിയുന്നത്. അപകടം നടന്ന സമയം മുതല്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. തലയ്ക്ക് ഗുരുതര പരുക്കുകളുണ്ട്. ഇരുകാലുകളിലും ഒന്നിലധികം പൊട്ടലുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന് നിരവധി ചെസ്റ്റ് പൈപ്പുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചേര്‍ത്തിട്ടുണ്ട്. തലയ്‌ക്കേറ്റ പരിക്കിനേക്കാള്‍ ശ്വാസകോശത്തിലെ പരിക്കുകളാണ് സ്ഥിതി ഗുരുതരമാക്കിയത്.

രക്തസമ്മര്‍ദം കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയാണെന്നും ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചികില്‍സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ചാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് പോലിസ് പ്രത്യേകസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. റായ്ബറേലി എഎസ്പി ഷാഹി ശേഖര്‍ക്കാണ് അന്വേഷണച്ചുമതല.

സംഘത്തില്‍ മൂന്ന് സി ഐമാര്‍കൂടി ഉണ്ടാവും. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമികാന്വേഷണം പോലിസ് നേരെത്തെ പൂര്‍ത്തീകരിച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗറുമായി ട്രക്ക് ഡ്രൈവര്‍ക്കോ ക്ലീനര്‍ക്കോ ഉടമയ്‌ക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം. സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എംഎല്‍എയ്ക്ക് പുറമേ സഹോദരന്‍ മനോജ് സിങ് സെന്‍ഗറിനും മറ്റ് എട്ടുപേര്‍ക്കുമെതിരെയും കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it