Top

മുത്ത്വലാഖ് ബില്ല് ഇന്ന് രാജ്യസഭയില്‍; ഇരുവിഭാഗം എംപിമാര്‍ക്കും വിപ്പ്

ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് ഓള്‍ ഇന്ത്യാ പേഴ്‌സണല്‍ ലോബോര്‍ഡ്(മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്) എംപിമാര്‍ക്ക് കത്തയച്ചു.

മുത്ത്വലാഖ് ബില്ല് ഇന്ന് രാജ്യസഭയില്‍; ഇരുവിഭാഗം എംപിമാര്‍ക്കും വിപ്പ്

ന്യൂഡല്‍ഹി: മുത്ത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവിനു മൂന്നുവര്‍ഷം ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന മുത്ത്വലാഖ് ബില്ല് ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്നിരിക്കെ, ബില്ലിനെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുണ്ടാവുമെന്നാണു കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുകയും ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ സഖ്യത്തിനു തിരിച്ചടികള്‍ നേരിടുകയും ചെയ്ത സാഹചര്യത്തില്‍ ബില്ല് രാജ്യസഭയില്‍ പരാജയപ്പെടുത്തിയാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് അതൊരു മുതല്‍കൂട്ടാവുമെന്നുറപ്പ്. അതേസമയം, മുസ്്‌ലിം സമുദായ സംഘടനകളില്‍ നിന്നും വിവിധ പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പുയര്‍ന്ന ബില്ല് എങ്ങനെയെങ്കിലും രാജ്യസഭയില്‍ പാസാക്കാനായാല്‍ അതിനെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാവുമെന്നു ബിജെപിയും കരുതുന്നുണ്ട്. മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്ല് പാസാക്കിയെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതോടെ, ഇന്നു സഭയില്‍ നിര്‍ബന്ധമായും ഹാജരാവാന്‍ നിര്‍ദേശിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ എംപിമാര്‍ക്കു വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ പാസാക്കിയ ബില്ല് ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന വിമര്‍ശനം ശക്തമാണ്. വിവാദ വ്യവസ്ഥ ഒഴിവാക്കാതെ ബില്ല് പാസാക്കാന്‍ അനുവദിക്കില്ലെന്നാണു കോണ്‍ഗ്രസ് നിലപാട്.

അതിനിടെ, പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് ഓള്‍ ഇന്ത്യാ പേഴ്‌സണല്‍ ലോബോര്‍ഡ്(മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്) എംപിമാര്‍ക്ക് കത്തയച്ചു. ബില്ല് ക്രൂരവും മുസ്‌ലിം സമുദായത്തിനു നേരെയുള്ള കടന്നു കയറ്റവുമാണെന്നു ബോര്‍ഡ് വനിതാ വിഭാഗം മേധാവി ഡോ. അസ്മ സെഹ്‌റ കത്തില്‍ പറയുന്നു. സിവില്‍ നിയമത്തിന്റെ ഭാഗമായുള്ള മുസ്‌ലിം വിവാഹ ഉടമ്പടിയില്‍ ക്രിമിനല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മറ്റു മതങ്ങളിലും വിവാഹമോചനം നിലനില്‍ക്കെ, മുസ്‌ലിം ഭര്‍ത്താക്കന്മാര്‍ക്കു മാത്രം പ്രത്യേക നിയമം കൊണ്ടുവരുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണിത്. ബില്ലിനെതിരേ മുമ്പ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ രണ്ടു കോടിയിലധികം മുസ്‌ലിം വനിതകളാണ് പങ്കെടുത്തത്. ഇതില്‍നിന്നു തന്നെ ബില്ലിനെതിരാണ് മുസ്്‌ലിം വനിതകളെന്നു ബോധ്യപ്പെടും. സമുദായം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളോടു മുഖംതിരിക്കുന്ന സര്‍ക്കാര്‍, ബില്ല് അടിച്ചേല്‍പിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. രാജ്യസഭയില്‍ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ഭരണകക്ഷിയെ പരാജയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം. 244 അംഗ സഭയില്‍ കോണ്‍ഗ്രസിനു പുറമേ 14 കക്ഷികളും സ്വതന്ത്രരും നോമിനേറ്റഡ് അംഗവും ചേരുമ്പോള്‍ പ്രതിപക്ഷഅംഗബലം 117 ആവും. ബിജെപിയോട് അകന്നുകഴിയുന്ന അണ്ണാ ഡിഎംകെ(13) കൂടി ചേര്‍ന്നാല്‍ 130 ആയി ഉയരും. ബില്ലിനെ എതിര്‍ക്കുമെന്ന് അണ്ണാ ഡിഎംകെയും ഡിഎംകെയും നേരത്തേ വ്യക്തമാക്കിയിരുന്നു.

ബിജു ജനതാദള്‍(9), ടിആര്‍എസ്(6) എന്നിവര്‍ ചേര്‍ന്നാലും ഭരണകക്ഷിയുടെ അംഗബലം 113നു മുകളില്‍ എത്തില്ലെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. മുത്ത്വലാഖ് ബില്ല് കഴിഞ്ഞ ആഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുകയും വോട്ടെടുപ്പ് നടക്കുകയും ചെയ്തപ്പോള്‍ മലപ്പുറത്ത് നിന്നുള്ള മുസ്്‌ലിംലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് ഏറെ വിവാദമാവുകയും പാര്‍ട്ടി വിശദീകരണം തേടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it