India

ഹരിയാനയില്‍ മുസ്‌ലിം യുവാവിന് പേര് ചോദിച്ച് മര്‍ദ്ദനം, കൈപ്പത്തി വെട്ടിമാറ്റി

യാത്രയ്ക്കിടെ കിഷന്‍പുര എന്ന സ്ഥലത്തെത്തിയപ്പോള്‍ സഹോദരന്‍ അല്‍പം വിശ്രമിക്കാനിരുന്നു. അവിടെയെത്തിയ രണ്ടുപേര്‍ അവന്റെ പേര് ചോദിച്ചു. പേര് പറഞ്ഞയുടനെ അവനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ക്രൂരമര്‍ദ്ദനത്തിനുശേഷം ഗുരുതരമായി പരിക്കേറ്റ സഹോദരനെ അവര്‍ റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞു.

ഹരിയാനയില്‍ മുസ്‌ലിം യുവാവിന് പേര് ചോദിച്ച് മര്‍ദ്ദനം, കൈപ്പത്തി വെട്ടിമാറ്റി
X

ചണ്ഡിഗഡ്: മുസ്‌ലിം സമുദായത്തില്‍പ്പെട്ടുവെന്നതിന്റെ പേരില്‍ ഹരിയാനയില്‍ യുവാവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമുറകള്‍. സഹാറന്‍പൂരില്‍നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള നാനൗട്ടയില്‍ താമസിക്കുന്ന അഖ്‌ലാഖ് എന്ന 28 കാരനാണ് മനുഷ്യമനസ്സാക്ഷി മരവിക്കുന്ന ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായത്. ഹരിയാനയിലെ സൈനി സമുദായത്തില്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, കേസില്‍ ഇതുവരെ ആരെയും അറസ്റ്റുചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

അഖ്‌ലാഖ് നേരിട്ട പീഡനത്തെക്കുറിച്ച് സഹോദരന്‍ ഇക്‌റാം ടു സര്‍ക്കിള്‍സ്.നെറ്റിനോട് വിവരിക്കുന്നത് ഇങ്ങനെ: സഹോദരന്‍ അഖ്‌ലാഖ് ഒരു ബാര്‍ബറായിരുന്നു. ലോക്ക് ഡൗണ്‍ കാരണം ഞങ്ങള്‍ക്ക് ജോലിയില്ലാതായി. വീട്ടിലെ സമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. നാട്ടില്‍ ജോലിയില്ലാതായതോടെ മറ്റൊരു നാട്ടില്‍ തൊഴില്‍ തേടിയാണ് സഹോദരന്‍ അഖ്‌ലാഖ് ആഗസ്ത് 23ന് ഹരിയാനയിലെ പാനിപ്പത്തിലേക്ക് പോയത്.

യാത്രയ്ക്കിടെ കിഷന്‍പുര എന്ന സ്ഥലത്തെത്തിയപ്പോള്‍ സഹോദരന്‍ അല്‍പം വിശ്രമിക്കാനിരുന്നു. അവിടെയെത്തിയ രണ്ടുപേര്‍ അവന്റെ പേര് ചോദിച്ചു. പേര് പറഞ്ഞയുടനെ അവനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ക്രൂരമര്‍ദ്ദനത്തിനുശേഷം ഗുരുതരമായി പരിക്കേറ്റ സഹോദരനെ അവര്‍ റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞു. തീര്‍ത്തും അവശയായ അവന് കഠിനമായ ദാഹം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചു. എന്നാല്‍, വീട്ടുകാരുടെ പെരുമാറ്റം അവനെ അമ്പരപ്പിക്കുകയാണ് ചെയ്തതെന്ന് ഇക്‌റാം പറയുന്നു.

വെള്ളത്തിന് പകരം അവര്‍ അവനെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിച്ചു. മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ മര്‍ദിച്ചവരാണ് അതിലുണ്ടായിരുന്നതെന്ന് അവന് മനസ്സിലായി. നാല് പുരുഷന്‍മാരും രണ്ടുസ്ത്രീകളുമാണ് വീട്ടിലുണ്ടായിരുന്നത്. മര്‍ദനത്തിനിടയിലാണ് അവന്റെ കൈയില്‍ 786 എന്ന് ചെയിന്‍ മാതൃകയില്‍ പച്ചകുത്തിയിരിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇനി നിന്റെ കൈയില്‍ ഇങ്ങനെ എഴുതാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച അക്രമികള്‍ തടിമുറിക്കാനുപയോഗിക്കുന്ന യന്ത്രമുപയോഗിച്ച് സഹോദരന്റെ വലതുകൈപ്പത്തി മുറിച്ചുമാറ്റി. പിന്നീട് ക്രൂരമര്‍ദനത്തിനിരയാക്കി. ഇതിനുശേഷം അവര്‍ സഹോദരനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു.

ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റതെന്ന് വരുത്തിത്തീര്‍ക്കാനാണ് അത് ചെയ്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അഖ്‌ലാഖിന് ബോധംവന്നത്. തുടര്‍ന്ന് പാനിപ്പത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാനിപ്പത്തില്‍നിന്ന് അജ്ഞാതനായ ഒരാളാണ് സംഭവത്തെക്കുറിച്ച് തന്നെ വിളിച്ചറിയിക്കുന്നതെന്ന് ഇക്‌റാം പറയുന്നു. താന്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും ഗവ. റെയില്‍വേ പോലിസ് സ്റ്റേഷനിലെ എസ്‌ഐ ബല്‍വാന്‍ അവിടെയുണ്ടായിരുന്നു. അപകടമാണെന്നാണ് എസ്‌ഐ തന്നോട് പറഞ്ഞത്. എന്നാല്‍, പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ട താന്‍ അഖ്‌ലാഖിന് ബോധം തെളിഞ്ഞപ്പോള്‍ യഥാര്‍ഥ സംഭവത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു.

തുടര്‍ന്നാണ് ക്രൂരമര്‍ദനത്തിന്റെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ സഹോദരന്‍ പങ്കുവച്ചത്. അതേസമയം, ഇതൊരു അപകടകേസാക്കി എഴുതിത്തള്ളാനായിരുന്നു പോലിസിന്റെ തീരുമാനം. അഖ്‌ലാഖിനെ മര്‍ദിച്ച സ്ഥലത്തുപോയി നടത്തിയ അന്വേഷണത്തിലാണ് അക്രമികള്‍ സൈനി സമുദായത്തില്‍പ്പെട്ടവരാണെന്ന് ഇക്‌റാമിന് മനസ്സിലായത്. എസ്‌ഐ ബല്‍വാന്‍ അവരെ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിട്ടയക്കുകയായിരുന്നു. പാനിപ്പത്തിലെ താന ചാന്ദ്നിബാഗ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റോഹ്തക് ആശുപത്രിയിലേക്ക് മാറ്റിയ അഖ്‌ലാഖ് ഇപ്പോള്‍ നാനൗട്ടയിലാണ് ചികില്‍സയില്‍ കഴിയുന്നത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും തന്റെ സഹോദരന് നീതി വേണമെന്നും ഇക്‌റാം ആവശ്യപ്പെടുന്നു. അതേസമയം, കേസ് ചാന്ദ്‌നി ബാഗ് പോലിസ് സ്റ്റേഷനിലേക്ക് മാറ്റിയതായും അവര്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നുമാണ് ജിആര്‍പി സ്റ്റേഷനിലെ എസ്‌ഐ ബല്‍വാന്‍ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it