India

ബിഹാറില്‍ മഹാസഖ്യം അങ്കത്തിന്; തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി, കോണ്‍ഗ്രസ് 70 സീറ്റില്‍ മല്‍സരിക്കും

243 അംഗ നിയമസഭയില്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍ജെഡി 144 സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണയായത്. കോണ്‍ഗ്രസ്- 70, സിപിഐ-എംഎല്‍- 19, സിപിഐ- ആറ്, സിപിഎം- നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.

ബിഹാറില്‍ മഹാസഖ്യം അങ്കത്തിന്; തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി, കോണ്‍ഗ്രസ് 70 സീറ്റില്‍ മല്‍സരിക്കും
X

പട്‌ന: ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യകക്ഷികളായ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനവും പൂര്‍ത്തിയായി. 243 അംഗ നിയമസഭയില്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍ജെഡി 144 സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണയായത്. കോണ്‍ഗ്രസ്- 70, സിപിഐ-എംഎല്‍- 19, സിപിഐ- ആറ്, സിപിഎം- നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്കും (ജെഎംഎം) പുറത്തുനിന്ന് വരുന്ന മറ്റു കക്ഷികള്‍ക്കും ആര്‍ജെഡിയുടെ 144 സീറ്റുകളില്‍നിന്ന് നല്‍കാനും ധാരണയായി. ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച ആരംഭിച്ചതിന് പിന്നാലെയാണ് സീറ്റുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ 8 നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.

തങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ് സഖ്യത്തിലെ ചെറിയ പാര്‍ട്ടികളിലൊന്നായ വികാക്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി പാര്‍ട്ടി) സഖ്യത്തില്‍നിന്ന് പുറത്തുപോയി. ജനങ്ങളും ഇരട്ട എന്‍ജിന്‍ സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണിതെന്ന് തേജസ്വി യാദവ് പറഞ്ഞു. ഞാന്‍ ഒരു യഥാര്‍ഥ ബിഹാറിയാണ്, ഞങ്ങളുടെ ഡിഎന്‍എയും ശുദ്ധമാണ്- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഎന്‍എ പരാമര്‍ശത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണകക്ഷിയില്‍ സീറ്റുവിഭജനത്തെച്ചൊല്ലി തര്‍ക്കം അവസാനിച്ചിട്ടില്ല. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ എല്‍ജെപി ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധിക്കിടെ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണിത്. ശാരീരിക അകലം പാലിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it