India

കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി
X

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിലവിലെ സംസ്ഥാന വ്യാപക കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. കര്‍ശന ലോക്ക് ഡൗണ്‍ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഞായറാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്. ഓഫിസുകളും കടകളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ പോലിസ് നിരീക്ഷണം ശക്തമാക്കി. മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉറപ്പാക്കണം. കണ്ടെയ്ന്‍മെന്റ് സോണിലുള്‍പ്പെടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന നിയന്ത്രണം തുടരാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിവര്‍ എല്ലാ സുരക്ഷാമുന്‍കരുതലും കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

നിയന്ത്രണ നടപടികള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രാദേശിക ജില്ലാ ഭരണകൂടത്തിന്റെയും പോലിസിന്റെയും മുനിസിപ്പല്‍ അധികാരികളുടെയും ഉത്തരവാദിത്തമായിരിക്കും. ലോക്ക് ഡൗണ്‍ സമയത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്ഒപി) കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാസഞ്ചര്‍ ട്രെയിനുകള്‍, വിമാനം, മെട്രോ ട്രെയിന്‍ സര്‍വീസുകള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകളും റെസ്‌റ്റോറന്റുകളും, ഷോപ്പിങ് മാളുകള്‍, മള്‍ട്ടിപ്ലക്‌സുകളും വിനോദ പാര്‍ക്കുകളും, യോഗ കേന്ദ്രങ്ങള്‍, ജിംനേഷ്യം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് പിഴ ചുമത്തണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it