India

താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു

താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു
X

ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവജാഗ്രതാനിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ 10.30ന് ഒരു അജ്ഞാത ഫോണ്‍ സന്ദേശം പോലിസ് കണ്‍ട്രോള്‍ റൂമിലാണ് ആദ്യം ലഭിച്ചത്. ഉടന്‍തന്നെ ഇക്കാര്യം താജ്മഹലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. സിഐഎസ്എഫും ആഗ്രാ പോലിസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ബോംബ് സ്‌ക്വാഡും താജ്മഹലിലെത്തി തിരച്ചില്‍ നടത്തിവരികയാണ്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്തുണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ സ്‌ഫോടകവസ്തുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഫോണ്‍ വിളിച്ചയാളെ കണ്ടെത്തിയതായാണ് റിപോര്‍ട്ട്. ഇയാള്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിനിടെ ജോലി ലഭിക്കാത്തതില്‍ അസ്വസ്ഥനായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പറഞ്ഞതായി പോലിസ് പറയുന്നു. താജ്മഹലിനുള്ളില്‍ ബോംബ് വച്ചുവെന്നത് വ്യാജമാണെന്നും പോലിസ് ഫോണ്‍ വിളിച്ചയാളെ പിടികൂടിയതായും ആഗ്ര ഐജി സതീഷ് ഗണേഷ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it