India

പോക്‌സോ കേസുകളില്‍ തുടര്‍ച്ചയായ വിവാദ ഉത്തരവുകള്‍; ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ച് സുപ്രിംകോടതി കൊളീജിയം

കുട്ടികള്‍ക്കെതിരായ പോക്‌സോ കേസുകളില്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവുകള്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നടപടി. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജസ്റ്റിസ് പുഷ്പയെ ബോംബൈ ഹൈക്കോടതി ജഡ്ജിയായി സ്ഥിരപ്പെടുത്താനായിരുന്നു ജനുവരി 20ന് കൊളിജിയം ശുപാര്‍ശ ചെയ്തത്.

പോക്‌സോ കേസുകളില്‍ തുടര്‍ച്ചയായ വിവാദ ഉത്തരവുകള്‍; ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ച് സുപ്രിംകോടതി കൊളീജിയം
X

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തുടര്‍ച്ചയായി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലയ്‌ക്കെതിരേ സുപ്രിംകോടതി കൊളീജിയം. പുഷ്പ സ്ഥിരം ജഡ്ജാക്കാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം പിന്‍വലിച്ചു. നിലവില്‍ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ അഡീഷനല്‍ ജഡ്ജാണ് പുഷ്പ ഗനേഡിവാല. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജസ്റ്റിസ് പുഷ്പയെ ബോംബൈ ഹൈക്കോടതി ജഡ്ജിയായി സ്ഥിരപ്പെടുത്താനായിരുന്നു ജനുവരി 20ന് കൊളിജിയം ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജഡ്ജിമാരായ എന്‍ വി രമണ, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കാനായി അയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്.

കുട്ടികള്‍ക്കെതിരായ പോക്‌സോ കേസുകളില്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവുകള്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നടപടി. സുപ്രിംകോടതി കൊളീജിയം സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ തിരിച്ചുവിളിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നത് വളരെ അപൂര്‍വമായി മാത്രമാണുണ്ടാവാറുള്ളത്. മഹാരാഷ്ട്രയില്‍നിന്നുള്ള സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ തുടര്‍ച്ചയായുള്ള വിവാദ വിധിയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തില്‍ കൊളിജിയത്തെ അതൃപ്തി അറിയിച്ചിരുന്നു.

ഒരാഴ്ചയ്ക്കിടെ പോക്‌സോ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന മൂന്ന് വ്യത്യസ്ത വിധികളാണ് ജസ്റ്റിസ് പുഷ്പ പുറപ്പെടുവിച്ചത്. ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പയുടെ ആദ്യ ഉത്തരവ്. പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചാലും പ്രതി പാന്റ്‌സിന്റെ സിപ്പ് തുറന്നാലും ലൈംഗിക പീഡനമായി കണക്കാക്കാന്‍ കഴിയില്ല എന്നതായിരുന്നു അടുത്ത വിധി. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന തരത്തിലാണ് ജനുവരി 19ന് ഇവര്‍ വിധി പുറപ്പെടുവിച്ചത്.

വിചാരണക്കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചതിനെതിരായ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ വിധി പറഞ്ഞത്. സോളിസിറ്റര്‍ ജനറല്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സുപ്രിംകോടതി ഈ വിധി പിന്നീട് സ്റ്റേ ചെയ്തു. പിന്നാലെയാണ് അഞ്ചുവയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് അനുകൂലമായി വിചിത്ര വിധിപ്രഖ്യാപനമുണ്ടായത്.

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി തന്റെ മകളെ ബലാല്‍സംഗം ചെയ്‌തെന്ന കേസിലും ജസ്റ്റിസ് പുഷ്പയില്‍നിന്ന് വിവാദവിധിപ്രഖ്യാപനമുണ്ടായി. അമ്മയുടെ പരാതിയില്‍ പ്രതിയെ വിചാരണക്കോടതി പത്തുവര്‍ഷം തടവിനു ശിക്ഷിച്ചതിനെതിരായ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. അമ്മയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്നായിരുന്നു കോടതിയുടെ അഭിപ്രായം. 2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി നിയമിച്ചത്. 2007ല്‍ ജില്ലാ ജഡ്ജിയായാണ് അവര്‍ ജൂഡീഷ്യല്‍ ജീവിതം ആരംഭിച്ചത്.

Next Story

RELATED STORIES

Share it