Sub Lead

വിദേശീയരായ തബ് ലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക: എസ് ഡിപിഐ

വിദേശീയരായ തബ് ലീഗ് പ്രവര്‍ത്തകരെ കൊവിസ്-19 ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും തിരിച്ചയക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം മനുഷ്യത്വ വിരുദ്ധവും അധാര്‍മികവുമാണ്

വിദേശീയരായ തബ് ലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ തങ്ങാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന വിദേശീയരായ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പകപോക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശീയരായ തബ് ലീഗ് പ്രവര്‍ത്തകരെ കൊവിസ്-19 ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും തിരിച്ചയക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം മനുഷ്യത്വ വിരുദ്ധവും അധാര്‍മികവുമാണ്. ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് പ്രാര്‍ഥനാ സമ്മേളനവും അതില്‍ പങ്കെടുത്ത് രാജ്യത്ത് യാത്ര ചെയ്തവരും ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനത്തില്‍ ബോധപൂര്‍വം പങ്കാളികളല്ലാത്തതിനാല്‍ തന്നെ അവരെ കുറ്റവാളികളായി കണക്കാക്കരുത്.

കൊവിഡ്-19ന്റെ പേരില്‍ വര്‍ഗീയത പരത്തുന്നതിനെ പ്രധാനമന്ത്രി അപലപിക്കുമ്പോഴും വിദേശികളുടെ മേല്‍ പോലും ഇസ് ലാംഭീതി പ്രകടിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ രാജ്യം, വിദേശ പൗരന്‍മാരോട് മുന്‍വിധിയോടെ പെരുമാറുന്നതും തത്വദീക്ഷയില്ലാത്തതുമായ ഒരു രാജ്യമായി മുദ്രകുത്തപ്പെടും. കൊവിഡ്-19 സംശയിക്കപ്പെട്ട തബ് ലീഗ് പ്രവര്‍ത്തകരിലെ ബഹുഭൂരിഭാഗം പേരുടെയും പരിശോധനാ ഫലം നെഗറ്റീവായതില്‍ നിന്നുതന്നെ ഇന്ത്യയിലെ കൊറോണ വ്യാപനത്തില്‍ അവരുടെ പങ്ക് തുലോം കുറവാണെന്ന് തെളിയുന്നുണ്ട്. എന്നിട്ടും, നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികളും പക്ഷപാതപരമായി പെരുമാറുന്ന മാധ്യമങ്ങളും അവരെക്കുറിച്ച് നടത്തിയ വിദ്വേഷപരമായ പ്രചാരണങ്ങള്‍ക്കും, അവരിലുണ്ടാക്കിയ മാനസികവും, ശാരീരികവുമായ ആഘാതങ്ങള്‍ക്കും അവരോട് മാപ്പ് പറയുന്നതിനു പകരം കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യക്കാരും വിദേശീയരുമായ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വേട്ട തുടരുകയാണ്.

ഇസ് ലാംഭീതിയും മുസ് ലിംകള്‍ക്കെതിരെയുളള അതിക്രമങ്ങളും നിലവിലുളള ഒരു രാജ്യമെന്ന പ്രതിച്ഛായ ഇന്ത്യയെക്കുറിച്ച് നിലനില്‍ക്കുന്നുവെന്നത് സര്‍ക്കാര്‍ വിസ്മരിക്കരുത്. ബോധപൂര്‍വം യാതൊരു കുറ്റകൃത്യവും ചെയ്യാത്ത നിരപരാധികളായ തബ് ലീഗ് പ്രവര്‍ത്തകരുടെ തടങ്കലും അവര്‍ക്കെതിരെയുളള കേസുകളും നിരന്തരമായ കോടതി നടപടികളും നമ്മുടെ അന്താരാഷ്ട്ര പ്രതിച്ഛായയും വിദേശബന്ധങ്ങളും കൂടുതല്‍ മോശമാക്കുകയേ ഉള്ളൂ. ഇതര കൊവിഡ്-19 ഇരകള്‍ക്ക് നല്‍കുന്ന അതേ മാനുഷിക പരിഗണന വിദേശീയരായ തബ് ലീഗ് പ്രതിനിധികള്‍ക്കും നല്‍കാനും ക്വാറന്റൈന്‍ കാലാവധി തീരുന്ന മുറക്ക് മാന്യമായി അവരെ അവരുടെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള സൗകര്യങ്ങളൊരുക്കണമെന്നും എം കെ ഫൈസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it