മധ്യപ്രദേശില്‍ ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് വ്യാപാരിയുടെ അഞ്ചു വയസ്സുകാരായ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു

മധ്യപ്രദേശില്‍ ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഭോപാല്‍: മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തട്ടിക്കൊണ്ടുപോയ ശേഷം മോചിപ്പിക്കാന്‍ രക്ഷിതാക്കളോ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് വ്യാപാരിയുടെ അഞ്ചു വയസ്സുകാരായ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിനു രണ്ടു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചെങ്കിലും ബുധനാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മാവനെയും ബന്ധുവായ 16 വയസ്സുകാരനെയും അറസ്റ്റ് ചെയ്തതായി സത്‌ന റെയ്ഞ്ച് പോലിസ് ഡിഐജി അവിനാഷ് ശര്‍മ പറഞ്ഞു. പിടിയിലായ അമ്മാവന്‍ കുറ്റം സമ്മതിച്ചെന്നും ഫോണ്‍ ചെയ്യാന്‍ ഉപയോഗിച്ച സിംകാര്‍ഡ് കൗമാരക്കാരനില്‍ നിന്നു കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ അമ്മാവന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു സഹോദരിമാരുള്ള കുട്ടി, കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയില്ല. അന്വേഷണത്തിനൊടുവിലാണ് പോലിസില്‍ പരാതി നല്‍കിയത്. ഈ സമയമാണ് എസ്പി സന്തോഷ് സിങ് ഗൗറിനു മോചനതുക ആവശ്യപ്പെട്ട് ഫോണ്‍വിളിയെത്തിയത്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലിസ് അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഞ്ചു കുട്ടികളെയാണ് ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിപ്രദേശമായ സത്‌നയില്‍ നിന്നു ഇത്തരത്തില്‍ കാണാതായത്. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നതാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്നു ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു. കോണ്‍ഗ്രസാണ് മധ്യപ്രദേശ് ഭരിക്കുന്നത്.
BSR

BSR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top