India

സിക്കിം ലോട്ടറിക്ക് നികുതി: കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രിംകോടതി

സിക്കിം ലോട്ടറിക്ക് നികുതി: കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കേരളത്തില്‍ സിക്കിം ലോട്ടറി വില്‍പ്പനയ്ക്ക് നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു. ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിയമം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നികുതിയിനത്തില്‍ ഈടാക്കിയ തുക സംസ്ഥാന സര്‍ക്കാര്‍ സിക്കിമിന് തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. 250 കോടിയോളം രൂപയാണ് കേരളം നികുതിയായി പിരിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ ഇടപെടല്‍. 2005ലാണ് പേപ്പര്‍ ലോട്ടറിയായ സിക്കിം ലോട്ടറിക്ക് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരുകയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

നികുതി ഏര്‍പ്പെടുത്തിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ലോട്ടറി കേന്ദ്ര വിഷയമായതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തിക്കൊണ്ട് നിയമം പാസാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിക്കിം സര്‍ക്കാരിന്റെയും പാലക്കാട് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ എ ജോണ്‍ കെന്നഡിയുടെയും ഹരജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതി നിര്‍ദേശം. കേരളത്തിന്റെ നടപടിക്കെതിരേ 2008ലാണ് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

Next Story

RELATED STORIES

Share it