India

ടിക് ടോക് താരത്തിന്റെ ദുരൂഹമരണം: മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മന്ത്രി തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.

ടിക് ടോക് താരത്തിന്റെ ദുരൂഹമരണം: മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു
X

മുംബൈ: മഹാരാഷ്ട്രയില്‍ മോഡലും ടിക് ടോക് താരവുമായ പൂജാ ചവാന്റെ (23) മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു. പൂജയുടെ മരണത്തില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നതിന് പിന്നാലെയാണ് റാത്തോഡ് സ്ഥാനമൊഴിഞ്ഞത്. ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍നിന്ന് പുറത്തുപോവുന്ന ആദ്യത്തെ മന്ത്രിയാണ് ശിവസേനയിലെ റാത്തോഡ്. ഭാര്യയ്‌ക്കൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വര്‍ഷയിലെത്തിയായിരുന്നു മന്ത്രി രാജിക്കത്ത് നല്‍കിയത്.

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മന്ത്രി തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി രാജിവയ്ക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പ്രതികരിക്കുകയും ചെയ്തു. പൂജയുടെ മരണത്തെത്തുടര്‍ന്ന് വ്യാപകമായി പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം രംഗത്തുവന്നത്.

പൂജയ്ക്ക് മന്ത്രിയുമായി അടുപ്പമുണ്ടായിരുന്നെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ മന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ഡിജിപിക്ക് നിവേദനം നല്‍കിയതിന് പിന്നാലെ അന്വേഷണം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മഹാരാഷ്ട്ര ഡിജിപിയോട് റിപോര്‍ട്ട് തേടിയിരുന്നു. പൂജ വീണുമരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പോലിസ് പറയുന്നു. അതേസമയം, തന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള വിമര്‍ശനത്തിന് റാത്തോഡ് മറുപടി നല്‍കി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞങ്ങളുടെ സമുദായത്തിലെ 22 കാരിയുടെ മരണത്തില്‍ പ്രതിപക്ഷം വൃത്തികെട്ട രാഷ്ട്രീയം കളിച്ചു. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രതിപക്ഷം എന്നെയും എന്റെ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തി. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സത്യം പുറത്തുവരുമെന്നും റാത്തോഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഡ് സ്വദേശിനിയായ പൂജ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് പഠിക്കുന്നതിനുവേണ്ടിയാണ് പൂനെയിലെത്തിയത്.

ഫെബ്രുവരി എട്ടിനായിരുന്നു ഹഡാപ്‌സറിലെ ഒരുകെട്ടിടത്തില്‍നിന്ന് പൂജ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂജ മഹാരാഷ്ട്രയിലെ പ്രബല പിന്നാക്കവിഭാഗമായ വഞ്ചാര സമുദായത്തില്‍പ്പെട്ടവരാണ്. ഈ സമുദായത്തിലെ പ്രമുഖ നേതാവാണ് റാത്തോഡ്. തുടര്‍ച്ചയായി മൂന്നുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റാത്തോഡ് 2014 ല്‍ ഫഡ്‌നവിസ് മന്ത്രിസഭയില്‍ റവന്യൂ സഹമന്ത്രിയായിരുന്നു.

Next Story

RELATED STORIES

Share it