India

ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്
X

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് യമുനാതീരത്തെ നിഗം ബോധ്ഘട്ടില്‍ നടക്കും.

2012ല്‍ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ സ്ഥാപിച്ച സിഎന്‍ജി (പ്രകൃതി വാതകം) മെഷീനിലായിരിക്കും മൃതദേഹം ദഹിപ്പിക്കുക. പ്രകൃതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ രീതിയാണ് ഇതെങ്കിലും ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭൂരിപക്ഷം ആളുകളും മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. താന്‍ മരിച്ചാല്‍ സിഎന്‍ജി ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്നു ഷീലാദീക്ഷിത് നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരം നിഗംബോധ് ഘട്ടിലെ സിഎന്‍ജി ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുമെന്നു മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് വ്യക്തമാക്കി.

നിലവില്‍ മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൂടാതെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് ദേശീയ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കെസി വേണുഗോപാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രമുഖരും വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷീലാ ദീക്ഷിതിന്റെ അന്ത്യം ഇന്നലെ വൈകീട്ട് 3.55നായിരുന്നു.

Next Story

RELATED STORIES

Share it