India

ലൈംഗികാതിക്രമ പരാതി; എയിംസില്‍ വകുപ്പുമേധാവിക്ക് സസ്പെന്‍ഷന്‍

കാര്‍ഡിയോ തൊറാകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സിടിവിഎസ്)വകുപ്പുമേധാവി ഡോ. എ കെ ബിസോയിയെയാണ് സസ്പെന്‍ഡ് ചെയ്തത്

ലൈംഗികാതിക്രമ പരാതി; എയിംസില്‍ വകുപ്പുമേധാവിക്ക് സസ്പെന്‍ഷന്‍
X

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ്(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്)സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സിടിവിഎസ്)വകുപ്പുമേധാവി ഡോ. എ കെ ബിസോയിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

എയിംസ് നഴ്‌സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും എയിംസ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ ബിസോയിയുടെ ഭാഗത്തുനിന്നും ലൈംഗികാതിക്രമവും അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളും ഉണ്ടായെന്ന് നഴ്സസ് യൂണിയന്‍ ആരോപിച്ചു. തനിക്കെതിരെ പരാതി നല്‍കുന്നവരെ ബിസോയി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വകുപ്പു മേധാവിയെ നീക്കം ചെയ്യുന്നത് അപൂര്‍വ്വ സംഭവമാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വിഷയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിക്ക്(ഐസിസി)റഫര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

മുമ്പും ഡോ. ബിസോയി അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുണ്ട്. ക്രമക്കേടുകള്‍ ആരോപിച്ച് 2009ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചികില്‍സാ പിഴവ് ആരോപിച്ച് 2012ല്‍ ഡോ. ബിസോയിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2019ല്‍ ബിസോയിക്ക് നേരെ സമാനമായ ലൈംഗികാതിക്രമ പരാതികളുണ്ടായെങ്കിലും നടപടിയുണ്ടായില്ല. പുതിയ കാര്‍ഡിയോ തൊറകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി(സിടിവിഎസ്)വകുപ്പുമേധാവിയായി ഡോ. വി ദേവഗൗറൂവിനെ നിയമിച്ചു.

Next Story

RELATED STORIES

Share it